അമ്പലപ്പുഴ: വിധവയായ യുവതിക്ക് റീബിൽഡ് പദ്ധതിയിൽ കിട്ടിയ വീട് ഉയരണമെങ്കിൽ അയൽവാസി കനിയണം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കർത്താമഠം തോട്ടത്തിൽ ഗീതയുടെ വീടിൻ്റെ നിർമാണമാണ് അടുത്ത സ്ഥല ഉടമയുടെ പിടിവാശി മൂലം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.
പുരയിടത്തിന് കുറുകെ കടന്നുപോകുന്ന വൈദ്യുതി ലൈനാണ് വീട് നിർമാണത്തിനു തടസമായത്. ഇത് പുരയിടത്തിന്റെ ഒരു വശത്തേക്ക് മാറ്റിയാൽ മാത്രമെ വീട് കെട്ടിപ്പൊക്കാനാകൂ.
എന്നാൽ അയൽപുരയിടത്തിലൂടെ കടന്നുവരുന്ന ലൈൻ നീക്കാൻ ഉടമ അനുമതി നൽകാത്തതാണ് ഇപ്പോൾ നേരിടുന്ന തടസം. പോസ്റ്റ് നീക്കിയിടാൻ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തുകയും അതിനുള്ള തുക നൽകുകയും ചെയ്തിരുന്നു.
പ്രദേശത്തെ 12 വീടുകളിലേക്കുള്ള വൈദ്യുതി കമ്പികളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർ സ്ഥലം വാങ്ങുമ്പോൾ പുരയിടത്തിന് മധ്യഭാഗത്തുനിന്നിരുന്ന വൈദ്യുത പോസ്റ്റ് ഇവരുടെ ചെലവിലാണ്
മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത്.
വീട് നിർമാണത്തിനായി ഉണ്ടായിരുന്ന കൂര പൊളിച്ചുനീക്കിയതോടെ വിധവയും വയോധികയുമായ കമലമ്മയും ഗീതയും രണ്ട് കൊച്ചുമക്കളോടൊത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്.
വീട് നിർമാണത്തിന് തടസമായി കടന്നുപോകുന്ന വൈദ്യുതി കമ്പികൾ മാറ്റി സ്ഥാപിച്ചു കിട്ടാൻ ജില്ലാ കളക്ടറെ സമീപിക്കാനിരിക്കുകയാണ് ഗീത.