പത്തനാപുരം: മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ജീവിതം തള്ളിനീക്കുന്ന ആവണിപ്പാറ ആദിവാസി ഊരിലേക്ക് ഓണസമ്മാനമായി വൈദ്യുതി എത്തുന്നു. ഇതോടെ ഗിരിജന്‍ കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ മുപ്പത്തിനാല് കുടുംബങ്ങളാണ് താമസിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സോളാര്‍ വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായിട്ട് നാളുകളേറെയാകുന്നു. കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍ മുന്‍കൈയെടുത്താണ് ഊരിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
ഒരു കോടി അറുപത് ലക്ഷം രൂപയാണ് പദ്ധതി വിഹിതം. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ നിന്നും ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കും. അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് പോസ്റ്റുകള്‍ സ്ഥാപിച്ച് അക്കരയിലേക്ക് വൈദ്യുതി എത്തിക്കും.
കുറച്ചു വീടുകളില്‍ മാത്രമാണ് വൈദ്യുതികരണം നടത്തിയിട്ടുള്ളത്. അരുവാപ്പുലം പഞ്ചായത്തുമായി സഹകരിച്ച് ബാക്കി വീടുകള്‍ക്കും വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈദ്യുതി വിതരണത്തിന്റെ ഉദ്ഘാടനം നടക്കും.വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നില്ല.