കളമശേരി: വീടിനു മുകളിലൂടെ ഉദ്യോഗസ്ഥ ലോബി അനധികൃത വൈദ്യുതി ലൈൻ സ്ഥാപിച്ചത് മാറ്റിയെടുക്കാനായുള്ള വീട്ടമ്മയുടെ പോരാട്ടം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു വൈദ്യുതി മന്ത്രി എം.എം. മണി ഇടപെട്ടു. ഒരാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ വകുപ്പു സെക്രട്ടറിയോട് വൈദ്യുതി മന്ത്രി ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ മന്ത്രി ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരത്ത് എത്തിയാണ് മണിയാശാൻ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന വൈദ്യുതി വകുപ്പു മന്ത്രിയെ മകനോടൊപ്പം കണ്ടത്. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിലെ 107 ാം നമ്പർ വീട്ടിലെ ഷീല ആന്റണിക്കിത് അപ്രതീക്ഷ അനുഭവമായി മാറി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന വൈദ്യുതി മന്ത്രിയെ വിശദ വിവരങ്ങൾ നേരിൽ ധരിപ്പിച്ചു. ഇത്രയും നാൾ വൈകിക്കേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞതായി ഷീല അറിയിച്ചു.
രാഷ്ട്രദീപികയാണ് വിവരം റിപ്പോർട്ട് ചെയ്ത് തന്നെസഹായിച്ചെന്നും നാലു വർഷക്കാലമായി പരിഹരിക്കാതെ കിടന്ന പ്രശ്നം നാലു ദിവസത്തിനുള്ളിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകാൻ കാരണമായെന്നും ഷീല പറഞ്ഞു. 2013 ൽ ജോലിയ്ക്ക് പോയി തിരിച്ചു വരുന്ന ഒരു ദിവസത്തിലാണ് വീടിന് മുകളിലായി വൈദ്യുതി ലൈൻ ഷീല ആന്റണി കാണുന്നത്. പരാതി പറഞ്ഞ് കളക്ടറുടെ അടക്കം നിരവധി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലം ലഭിക്കാതെ വന്നപ്പോഴാണ് വൈദ്യുതി മന്ത്രി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഷീല ആന്റണിയുടെ ദുര്യോഗം രാഷ്ട്രദീപികയുടെ ഓൺലൈനിലും വൻ പ്രതികരണമാണ് സൃഷ്ടിച്ചത്.