കൊല്ലം : കാലാകാലങ്ങളിലെ മാനേജ്മെന്റുകളുടെ പിടിപ്പുകേടും വൈദ്യുതി ബോർഡിന്റെയും ഗവണ്മെന്റുകളുടെ അനാസ്ഥയുമാണ് മീറ്റർ കന്പനിയുടെ തകർച്ചയ്ക്ക് കാരണമായതെന്ന് യുറ്റിയുസി. ദേശീയ പ്രസിഡന്റ് എ.എ. അസീസ്. മീറ്റർ കന്പിനി പടിക്കൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈദ്യുതി ബോർഡിനുവേണ്ടി മീറ്റർ ഉല്പ്പാദിപ്പിക്കുവാൻ ഗവണ്മെന്റ് രൂപം നൽകിയ സ്ഥാപനമാണ് മീറ്റർ കന്പനി. മെക്കാനിക്കൽ മീറ്റർ ഉല്‍പ്പാദിപ്പിച്ചിരുന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾ അനുസരിച്ച് ഇലക്ട്രോണ്‍ മീറ്ററുകളാണ് ഇപ്പോൾ ഉല്‍പ്പാദിപ്പിക്കുന്നത്. 500 ൽ പരം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ 200 ൽ പരം തൊഴിലാളികൾ മാത്രമാണ് ഉള്ളത്.
അനാവശ്യ ചെലവുകൾ നടത്തുക. അനധികൃതമായി പിൻവാതിൽ നിയമനം നടത്തുക, പുറത്തു നിന്നും പ്രവർത്തനശേഷി കുറഞ്ഞ മീറ്റർ വാങ്ങി മീറ്റർ കന്പനിയുടെ ലേബലിൽ കച്ചവടം നടത്തുക മുതലായ വഴിവിട്ട പ്രവർത്തനങ്ങൾ മീറ്റർ കന്പനിയുടെ നിലവാര തകർച്ചയ്ക്ക് കാരണമായിയെന്നും എ.എ.അസീസ് പറഞ്ഞു.
സജി.ഡി.ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.സിസിലി, എൻ.നൗഷാദ് , ബീനാ കൃഷ്ണൻ, ഡി.എസ്.സുരേഷ്. എൽ.ബാബു, മുഹമ്മദ് കുഞ്ഞ്, മഹിളാ മണി, പി.കെ.അനിൽ, ഗ്രാമപഞ്ചായത്ത് അംഗം അനീഷാ സലിം, സെലീന, സക്കറിയാ ക്ലമന്റ്, കിളികൊല്ലൂർ ബേബി, രവീന്ദ്രൻപിള്ള, അനിൽ നാരായണൻ, രാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.