കോഴിക്കോട് : റോഡരികില്‍ ഉപേക്ഷിക്കുന്ന പഴയ വൈദ്യുതി തൂണുകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. ഉപയോഗമില്ലാതാവുമ്പോള്‍ കെഎസ്ഇബി പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുകയും പഴയ പോസ്റ്റുകള്‍ റോഡരികില്‍ ഉപേക്ഷിക്കുകയുമാണ് പതിവ്. വീതികുറഞ്ഞ റോഡുകളില്‍ പോലും പോസ്റ്റുകള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ റോഡരികില്‍ ഉപേക്ഷിക്കുന്ന ഇലക്ട്രിക് പോസ്റ്റില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. റോഡരികിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ പിഡെബ്ല്യുഡിയും കെഎസ്ഇബിയും തയാറാവാത്തതോടെ വൈദ്യുതി തൂണുകള്‍ കൊലമരങ്ങളായി മാറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പലപ്പോഴും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. വലിയ വാഹനങ്ങള്‍ എതിരേ വരുമ്പോഴും മറ്റും റോഡരികിലേക്ക് മാറുമ്പോഴാണ് പോസ്റ്റിലിടിച്ച് വാഹനം അപകടത്തില്‍പെടുന്നത്. എന്നാല്‍ ജീവന് ഭീഷണിയായി മാറുന്ന ഇത്തരത്തിലുള്ള വൈദ്യുതി തൂണുകള്‍ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും കെഎസ്ഇബി സ്വീകരിക്കുന്നില്ല. മഴക്കാലമാവുന്നതോടെ മരം വീണും കാറ്റില്‍ മറിഞ്ഞും പല വൈദ്യുതി തൂണുകളും കേടുപാടുകള്‍ സംഭവിക്കും.
ഇവ റോഡില്‍ തന്നെ ഉപേക്ഷിക്കാതെ മാറ്റണമെന്നാണ് വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് കെഎസ്ഇബിയ്ക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഫലമില്ല. സിവില്സ്റ്റേഷന് സമീപത്തെ കോട്ടൂളി- സിവില്സ്റ്റേഷന് റോഡില്‍ മാസങ്ങളായി വൈദ്യുതി തൂണുകൾ ഉപേക്ഷിച്ച നിലയിലാണ്. വീതികുറഞ്ഞ ഈ ഭാഗത്ത് പോസ്റ്റ് കൂടി ഇട്ടതോടെ പലപ്പോഴും ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്.
അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ട് റോഡരികിലെ പോസ്റ്റുകള്‍ നാട്ടുകാര്‍ മാറ്റിയാലും കെഎസ്ഇബി അതിനെതിരേ രംഗത്തെത്താറുണ്ട്. ഉപേക്ഷിച്ച പോസ്റ്റുകള്‍ അവിടെ നിന്നും മാറ്റരുതെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ ‘ചട്ടം’. ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകള്‍ പാതി മുറിഞ്ഞ നിലയില്‍ ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്.
പഴയ പോസ്റ്റുകള്‍ മാറ്റാതെയാണ് പുതിയവ സ്ഥാപിക്കുന്നത്. അതേസമയം തേക്കിന്റെയും ഇരുന്പിന്റെയും കാലഹരണപ്പെട്ട തൂണുകൾ താത്പര്യപൂർവം അധികൃതർ കടത്തിക്കൊണ്ടുപോകാറുണ്ട്. ഇവയ്ക്ക് വിലകിട്ടുന്നതാണ് താത്പര്യത്തിനു കാരണം. കേടായ കോൺക്രീറ്റ് തൂണുകൾക്ക് നയാപൈസ കിട്ടാത്തതിനാൽ അതുനീക്കം ചെയ്യാൻ ജീവനക്കാർക്ക് മടിയാണ്.
പോസ്റ്റുകള്‍ ഉപേക്ഷിക്കുന്നതിനു പുറമേ മരച്ചില്ലകളും റോഡില്‍ ഉപേക്ഷിച്ചാണ് കെഎസ്ഇബി ‘മുങ്ങുന്നത്’. മഴക്കാലത്തിനു മുന്നോടിയായി വൈദ്യുതി ലൈനിനു മുകളിലേക്കുള്ള മരച്ചില്ലകളും കമ്പുകളും വെട്ടിമാറ്റുന്നുണ്ട്. ഇവ റോഡില്‍ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. വീട്ടുകരാണ് ഇതെല്ലാം എടുത്തുമാറ്റേണ്ടതെന്ന നിലപാടാണ് കെഎസ്ഇബിക്കുള്ളത്. വെട്ടിമാറ്റുന്ന മരച്ചില്ലകളും മറ്റും കരാരുകാരന്റെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്നാണ് ചട്ടം.
അതേസമയം കെഎസ്ഇബിയുടെ വാഹനത്തില്‍ വന്ന് യൂണിഫോമിട്ട ജീവനക്കാരാണ് ഇവ വെട്ടിമാറ്റി റോഡില്‍ തന്നെ ഉപേക്ഷിക്കുന്നതെന്നും ഇത് മാറ്റാനായി കരാറുകാരൊന്നും എത്താറില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.