ആറ്റിങ്ങൽ: ഇലക്ട്രിക് പോസ്റ്റിൽ കന്പികൾ തമ്മിൽ കൂട്ടിക്കെട്ടാനുപയോഗിക്കുന്ന ഡിസ്ക് പൊട്ടിത്തെറിച്ച് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്. കവലയൂർ കൊടിതൂക്കികുന്ന് മകത്തിൽ സിന്ധു (43)നാണ് പരിക്കേറ്റത്.
ചെറുന്നിയൂരിൽ നിന്നും സ്വകാര്യ ബസിൽ കവലയൂർ ജംഗ്ഷനിൽ വന്നിറങ്ങി ബസ് കടന്നു പോകാൻ കാത്തു നിന്ന സമയത്ത് സമീപത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ ഡിസ്ക് പൊട്ടി സിന്ധുവിന്റെ തലയിൽ പതിക്കുകയായിരുന്നു. ഒരുഭാഗം സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ പതിച്ചു.
പരിക്കേറ്റ സിന്ധുവിനെ ചാത്തമ്പാറയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശദമായ പരിശോധനയിൽ തലയ്ക്ക് പൊട്ടലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.