വൈക്കം: തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരളിലും ജനവാസ കേന്ദ്രങ്ങളിലും അപകടകരമായി താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈൻ അപകട ഭീഷണി ഉയർത്തുന്നു. കാലപ്പഴക്കമേറിയ വൈദ്യുതി ലൈൻ പൊട്ടിവീണ് നിരവധി പേരുടെ ജീവൻ വൈക്കത്തും സമീപത്തും പൊലിഞ്ഞിട്ടും അപകടക്കെണിയായി നിരവധി സ്ഥലങ്ങളിലുടെ കടന്നു പോകുന്ന വൈദ്യുത ലൈൻ മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്കിലും വെച്ചൂർ ഇട്ടിയേക്കാടൻകരി, മണിയൻതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പാടശേഖരത്തിന്റെ വരന്പിൽകുടി കടന്നു പോകുന്ന കർഷകരോ പ്രദേശവാസികളോ കൈ ഉയർത്തിയാൽ 11 കെവി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
തലയോലപ്പറന്പിലെ ആലങ്കേരി, ഉദയനാപുരത്തെ വാഴമന, വൈക്ക പ്രയാർ തുടങ്ങിയ സ്ഥലങ്ങളിലും കൈയ്യെത്തും ദൂരത്തുകൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ ചിലതിൽ കൊയ്ത്തു മെഷീൻ ഇറക്കുന്നതുപോലും അപകടകരമായിരിക്കുകയാണെന്ന് കർഷകർ പറയുന്നു. താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനിൽ കൊയ്ത്ത് മെഷീൻ തട്ടുമെന്ന ഭീതിയിലാണ് കൊയ്ത്തുയന്ത്രം പ്രവർത്തിപ്പിക്കുന്നവർ.
പാടശേഖരങ്ങളുടെ സമീപത്തും ഉൾപ്രദേശങ്ങളിലും ഇതിനകം നിരവധി പേർക്കാണു വൈദ്യുതി ലൈൻ പൊട്ടിവീണു അപകടമുണ്ടാകുന്നത്. വൈക്കം ഉദയനാപുരം ഇത്തിപ്പുഴയിൽ കാലപ്പഴക്കമേറിയ വൈദ്യുതി ലൈൻ വീട്ടുമുറ്റത്ത് പൊട്ടിവീണതിൽ തട്ടി അമ്മയും മകനും മരിച്ചത് ഏതാനും വർഷങ്ങൾക്കു മുന്പാണ്. വൈക്കം തോട്ടുവക്കത്ത് പൊട്ടിവീണ വൈദ്യുത കന്പിയിൽ തട്ടി യുവാവ് മരിച്ചത് അഞ്ചു വർഷം മുന്പാണ്.
കഴിഞ്ഞ 13നു ഭർത്താവിനും കുഞ്ഞിനുമൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതി പൊട്ടിവീണ വൈദ്യുതി കന്പി ദേഹത്തുചുറ്റി വൈദ്യുതാഘാതമേറ്റു മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് പോയ വൈക്കം കൊതവറ വടക്കേൽ തോമസ് ജോസസഫും പൊട്ടിവീണ വൈദ്യുതകന്പിയിൽ നിന്നു ഷോക്കേറ്റാണ് മരണപ്പെട്ടത്. കാലപ്പഴക്കമേറിയ താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈനുകൾ മാറ്റി ജനജീവിതം സുരക്ഷിതമാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.