ചെമ്മണ്ട: പാടത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ടവർ ലൈൻ തുരുന്പെടുത്ത് അപകടാവസ്ഥയിൽ. ചെമ്മണ്ട കടുംപാട്ട് പാടത്തിന്റെ നടുവിലൂടെ മാടക്കത്തറയിൽനിന്ന് വെള്ളാനി സബ് സ്റ്റേഷനിലേക്കു വരുന്ന 110 കെവി ടവർ ലൈനാണു കാലപ്പഴക്കംകൊണ്ട് തുരുന്പെടുത്ത് അപകടാവസ്ഥയിൽ നിൽക്കുന്നത്.
പാടത്തിന്റെ ഇരുകരകളിലും ഒരോന്നുവീതവും പാടത്തിനു നടുക്ക് ഒരു ടവർ ലൈനുമാണുള്ളത്. പാടത്തിനു നടുക്കുള്ള ടവർ ലൈൻ ഉറപ്പിച്ചിരിക്കുന്ന കോണ്ക്രീറ്റ് തറകളിൽനിന്നുള്ള നാലു ഇരുന്പുതൂണുകളും തുരുന്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. ഇതിൽ മൂന്നു തുണൂകളും പൂർണമായി നശിക്കുകയും കോണ്ക്രീറ്റ് തറയിൽനിന്നുള്ള ബന്ധം വിടുകയും ചെയ്തിട്ടുണ്ട്.
ശക്തമായ കാറ്റിൽ ഏതു നിമിഷവും ഒറ്റ തൂണിൽ മാത്രം പിടിത്തമുള്ള ടവർ നിലംപതിക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലം എത്തുന്നതോടെ ശക്തമായ കാറ്റിലും മഴയിലും ടവർ ഒടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണെന്നാണു കർഷകർ പറയുന്നത്. പാടത്ത് വെള്ളം കയറിയാൽ പിന്നെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകും. അതിനാൽ എത്രയും പെട്ടെന്ന് തൂണുകൾ മാറ്റി സ്ഥാപിക്കാനും മറ്റു മുൻകരുതലുകൾ നടപടികളെടുക്കുവാനും അധികാരികൾ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.