ചങ്ങനാശേരി: വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും റോഡരുകിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിൽ അധികൃതർക്ക് നിസംഗതയെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. അപകടം സംഭവിച്ചാലേ അധികാരികൾ പാഠം ഉൾക്കൊള്ളുവെന്നുവെന്ന ആരോപണവുമായി ജനങ്ങൾ രംഗത്ത്.
ചങ്ങനാശേരി എക്സൈസ് ഓഫീസ് വളപ്പിൽ അപകടകരമായി നിലകൊള്ളുന്ന കൂറ്റൻ മരങ്ങൾ വെട്ടിമാറ്റണമെന്ന് നാളുകളായി ആവശ്യം ഉയർന്നിരുന്നു. അധികാരികൾ പല ന്യായവാദങ്ങളും സർക്കാർ നയങ്ങളും പറഞ്ഞ് ഈ വിഷയം തള്ളിനീക്കിയതുമൂലമാണ് ഇന്നലെ വൻ അപകടം സൃഷ്ടിച്ചത്. കോടതിയോടു ചേർന്നുള്ള ഭാഗത്താണ് മരവും വൈദ്യുത പോസ്റ്റുകളും വീണതെങ്കിലും ആളപായം ഉണ്ടാകാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യമെന്നുവേണം പറയാൻ.
എക്സൈസ് ഓഫീസ് പരിസരത്തെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് അധികൃതർ പലതവണ ഫോറസ്റ്റ് കണ്‍സർവേറ്റർ കാര്യാലയത്തിൽ പരാതി നൽകിയെങ്കിലും തക്കസമയത്ത് നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ആറിന് ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുകയും എക്സൈസ് ഓഫീസ് പരിസരത്തെ ഉൾപ്പെടെ അപകട ഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ച് അനുമതി നൽകി.
എന്നാൽ മരംവെട്ടേണ്ടത് ആരാണെന്ന തർക്കവും പണം ആരുമുടക്കുമെന്ന ചോദ്യവുംമൂലം മരംവെട്ടൽ വീണ്ടും നീണ്ടു. ചുവടു ജീർണിച്ച മരം ഒടിഞ്ഞുവീണ് വൈദ്യുത പോസ്റ്റുകളും ലൈനും നിലംപൊത്തി. അധികാരികൾ യഥാസമയം വേണ്ട തീരുമാനങ്ങൾ എടുക്കാതിരുന്നതുമൂലം വൈദ്യുതി വകുപ്പിന് അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നാട്ടുകാർക്ക് ദീർഘ നേരം വൈദ്യുതി മുടങ്ങുകയും ചെയ്തു. പല വീടുകൾക്കും മതിലുകൾക്കും നാശം നേരിട്ടിട്ടുണ്ട്.
അപകടം നേരിടുന്ന മരങ്ങൾക്ക് വനംവകുപ്പ് വില നിശ്ചയിക്കാൻ വൈകുന്നതും വലിയ പ്രതിസന്ധിയാണ്.മുന്‍സിഫ് കോടതി, ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, മുപ്പതോളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന റവന്യു ടവർ, നിരവധി വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മരംവീണ് വൈദ്യുത പോസ്റ്റുകൾ നിലംപൊത്തിയത്. അപകടം സൃഷ്ടിക്കുന്ന മരം വെട്ടുന്നതിനെതിരേ പ്രകൃതി സ്നേഹികൾ രംഗത്തുവരുന്നതും ബുദ്ധിമുട്ടുകൾക്കിടയാക്കുന്നതായും അധികാരികൾ ചൂണ്ടിക്കാട്ടി.