
ചങ്ങനാശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ലോടെൻഷൻ ബോക്സുകൾ കത്തുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ വൈകുന്നേരം നഗരമധ്യത്തിലെ കാവാലം ബസാർ റോഡിൽ പോസ്റ്റിലെ എൽടി ബോക്സിൽ തീപടർന്നത് വ്യാപാരികളെയും യാത്രികരെയും പരിഭ്രാന്തരാക്കി.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഒരമാസം മുന്പ് ഒരേദിവസം ഒന്നാംനന്പർ ബസ് സ്റ്റാൻഡിനു മുന്പിലും അപ്സര തിയറ്ററിനു സമീപവും പോസ്റ്റിൽ തീപിടിത്തം സംഭവിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ബോക്സുകൾ സ്ഥാപിച്ചതു കാരണമാണ് ഇവ കത്തി നശിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നഗരത്തിൽ നടപ്പാക്കിവരുന്ന ആർഎപിഡിആർപിഡി പദ്ധതിക്കായി എബി കേബിൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുന്പാണ് വൈദ്യുതി പോസ്റ്റുകളിൽ ലോടെൻഷൻ വിതരണ ബോക്സുകൾ സ്ഥാപിച്ചത്. നഗരപരിധിയിൽ ഇത്തരം ആയിരത്തോളം ബോക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
എബി കേബിളുകൾ ചാർജ് ചെയ്തു തുടങ്ങിയതോടെയാണ് ബോക്സുകൾ കത്തി നശിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നഗരത്തിലെ പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന നൂറിലേറെ എൽടി ബോക്സുകൾ കത്തി നശിച്ചതായാണ് വൈദ്യുതി വകുപ്പിന്റെ കണക്ക്.
വൈദ്യുതി വകുപ്പ് കുറഞ്ഞ നിരക്കിലുള്ള കൊട്ടേഷൻ പ്രകാരം ഗുണനിലവാരം കുറഞ്ഞ എൽടി ബോക്സുകൾ വാങ്ങി സ്ഥാപിച്ചതാണ് ലോഡ് കൂടുന്പോൾ കത്തിനശിക്കുന്നതിനു കാരണമായി പറയുന്നത്. എൽടി ബോക്സുകൾ കത്തി നശിക്കുന്നത് നഗരത്തിലെ എബി കേബിളിംഗ് ജോലികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ഓരോ തീപിടിത്തത്തിനും ഓടിയെത്തേണ്ടിവരുന്നത് ഫയർഫോഴ്സിന് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ എൽടി ബോക്സുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചങ്ങനാശേരിയിലെ വൈദ്യുതിവകുപ്പ് അധികൃതർ ആലോചിച്ചുവരികയാണ്.ക