ഒറ്റപ്പാലം: വൈദ്യുതിപോസ്റ്റുകളിൽ സ്ഥാപിച്ച അനധികൃത പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യണമെന്ന ബോർഡിന്റെ ഉത്തരവിനു പുല്ലുവില. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് അനധികൃത പരസ്യങ്ങളും പ്രദർശനങ്ങളും ഒഴിവാക്കാൻ വൈദ്യുതിബോർഡ് ഉത്തരവിറക്കിയത്.
വിവിധ സ്ഥാപനങ്ങളുടെ പരസ്യബോർഡുകളാണ് ഇലക്ട്രിക് പോസ്റ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ കേബിൾ നെറ്റ് വർക്കുകളുടെ കേബിളുകളും ഇതുവഴിക്കാണ് വലിക്കുന്നത്. ഇതേ തുടർന്നാണ് ഇക്കാര്യം തടയുന്നതിനു വകുപ്പ് ഉത്തരവിറക്കിയത്.
വൈദ്യുതിബോർഡ് ബന്ധപ്പെട്ടവർക്ക് നിർദേശവും രേഖാമൂലം നല്കിയിരുന്നു. എന്നാൽ ഒരിടത്തുപോലും ഉത്തരവു നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നുള്ളതാണ് സത്യം. ബോർഡുകൾ ബന്ധപ്പെട്ടവർ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വൈദ്യുതിവകുപ്പ് അധികൃതർ ഇതഴിച്ചുമാറ്റി ബന്ധപ്പെട്ടവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനുമായിരുന്നു തീരുമാനം.
ഇതിനു പുറമേ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. ഇലക്ട്രിക് പോസ്റ്റുകളിലെ ബോർഡുകളും പ്രദർശനവുംമൂലം ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിർണായക ഉത്തരവിറക്കിയത്.
ബോർഡുകൾ നീക്കംചെയ്യണമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റിയും വൈദ്യുതി ബോർഡിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ പൊതുജനങ്ങൾക്കിടയിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും മേൽപറഞ്ഞ ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.
വൈദ്യുതിബോർഡ് തീരുമാനം ഉദ്യോഗസ്ഥർ തന്നെയാണ് അട്ടിമറിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. മഴക്കാലത്താണ് ജീവനക്കാർ മേൽപറഞ്ഞ പരസ്യബോർഡുകളും പ്രദർശനങ്ങളുംമൂലം ശരിക്കും വലയുന്നത്.