കൊടുവായൂർ: പുതുനഗരം റോഡിൽ വ്യാപാര സ്ഥാപനങ്ങളുള്ള ഭാഗത്ത് റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണിയായി. വീതികുറഞ്ഞ റോഡിൽ ഇതു ഗതാഗതതടസമുണ്ടാക്കുന്നു. ചിറ്റൂർ-തൃശൂർ സംസ്ഥാനപാതയായതിനാൽ നൂറുകണക്കിന് ബസുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പോസ്റ്റ് നിലകൊള്ളുന്നതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്.
വാഹനസഞ്ചാരം കുറവുള്ള കാലത്താണ് മുന്പ് ഇരുന്പു പോസ്റ്റ് കോണ്ക്രീറ്റ് ചെയ്ത് സ്ഥാപിച്ചത്. പിന്നീട് റോഡിനു വീതികൂട്ടിയെങ്കിലും ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനു അധികൃതർ നടപടിയെടുത്തില്ല.നിലവിൽ വ്യാപാരസ്ഥാപനങ്ങളിലേക്കു വരുന്നവർ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
മുന്പ് പ്രഭാത വ്യായാമത്തിനുവന്ന കച്ചവടക്കാരൻ ലോറിയിടിച്ച് മരിച്ചിരുന്നു. കൊടുവായൂർ ടൗണിൽ ട്രാഫിക് സിഗ്്നൽ കടന്നുവരുന്ന വാഹനങ്ങൾ മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്. എത്രയുംവേഗം റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്.