കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളുടെ ശേഷി അനധികൃതമായി ഉയര്‍ത്തി വില്പന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അനധികൃത വില്പന സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ മേയ് 26ന് ഗതാഗത കമ്മീഷണര്‍ കൊച്ചിയില്‍ പരിശോധന നടത്തി നാല് ഷോറൂമുകള്‍ പൂട്ടിച്ചിരുന്നു.
ഇതിനുപിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. സ്ഥാപന ഉടമകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടര്‍നടപടികള്‍.
രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 250 വാട്സ് മോട്ടോര്ശേഷിയും, 25 കിലോമീറ്റര്‍ വേഗപരിധിയും, അറുപത് കിലോ ഭാരവുമാണ് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ രജിസ്ട്രേഷന് ആവശ്യമില്ലായെന്ന് വാഗ്ദാനം ചെയ്ത് വിറ്റിരുന്ന വാഹനങ്ങളില്‍ 1000 വാട്സിലേറെ ശേഷിയുള്ള മോട്ടോറുകളാണ് ഘടിപ്പിച്ചിരുന്നത്.
വാഹനങ്ങള്‍ക്ക് 40 കിലോമീറ്റര്‍ വേഗതയുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ കൃത്രിമം കാട്ടി വാഹനങ്ങള്‍ വിറ്റതിലൂടെ കോടികളുടെ നികുതി വെട്ടിപ്പും നടത്തിയിട്ടുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു.
‘പാര്‍ട്സ് ഫ്രം ചൈന’
ചൈനയില്‍ നിന്നെത്തിക്കുന്ന മോട്ടോറുകളാണ് വാഹനങ്ങളില്‍ പുതിയതായി സ്ഥാപിക്കുന്നത്. ഇവയ്ക്ക് വാറണ്ടിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.
വാഹനം വാങ്ങുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഇത് അറിവില്ല. ഇത്തരത്തിലുളള മോട്ടോറുകള്‍ വാഹനം വേഗം നശിപ്പിക്കുമെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.