കൊച്ചി: മോട്ടര്‍ ശേഷിയിലടക്കം കൃത്രിമം കാട്ടി ഇലക്ട്രിക് സ്കൂട്ടര്‍ വില്പനയില് വൻ തട്ടിപ്പ്.
രജിസ്ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ 40 കിലോമീറ്ററിലധികം വേഗതയില്‍ നഗരത്തില്‍ ചീറിപ്പായുന്നത് കണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്.
തുടർന്ന് ആരംഭിച്ച പരിശോധനയില്‍ കൃത്രിമം കാട്ടി വാഹന വില്പന നടത്തിയ വൈറ്റിലയിലെ ഒരു ഷോറൂം മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിച്ചു.
നിലവില്‍ കൊച്ചിയിലെ നാലോളം വില്പന കേന്ദ്രങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതിനോടകം പരിശോധന നടത്തിയത്.
വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.
നിയമലംഘനങ്ങള്‍ ചൂട്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
1000 വാട്ട്സ് ശേഷിയും 40 കിലോമീറ്റര്‍ വേഗതയും
രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 250 വാട്ട്സ് മോട്ടര്‍ ശേഷിയും 25 കിലോമീറ്റര്‍ വേഗപരിധിയും 60 കിലോഗ്രാം ഭാരവുമാണ് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ രജിസ്ട്രേഷന് ആവശ്യമില്ലായെന്ന് വാഗ്ദാനം ചെയ്ത് വിറ്റിരുന്ന വാഹനങ്ങളില്‍ 1000 വാട്ട്സിലേറെ ശേഷിയുള്ള മോട്ടറുകളാണ് ഘടിപ്പിച്ചിരുന്നത്.
വാഹനങ്ങളുടെ വേഗപരിധി 40 കിലോമീറ്റര്‍ ആണെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
ഇത്തരത്തില്‍ കൃത്രിമം കാട്ടി വാഹനങ്ങള്‍ വിറ്റതിലൂടെ കോടികളുടെ നികുതി വെട്ടിപ്പും നടത്തിയിട്ടുള്ളതായാണ് വിവരം. ഇതേക്കുറിച്ചുള്ള അന്വേഷണവും വൈകാതെ ഉണ്ടാകും.
മോട്ടറുകൾ ചൈനയില്‍ നിന്ന്
ചൈനയില്‍ നിന്നെത്തിക്കുന്ന മോട്ടറുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. ഇവയ്ക്ക് വാറന്റിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.
ഇക്കാര്യം ഉപയോക്താക്കൾ അറിയുന്നില്ല. ഇത്തരത്തിലുളള മോട്ടറുകള്‍ ഘടിപ്പിച്ചാൽ വാഹനം വേഗം തകരാറിലാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.