ഇരിട്ടി: ഇരിട്ടി ടൗണിലെ വ്യാപാരിയെയും കുടുംബത്തെയും രണ്ട് വര്‍ഷം മുമ്പ് ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
2017 ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് പയഞ്ചേരിയിലെ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്.
രാവിലെ വീടിന്റെ ഗ്രില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനടുത്ത വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് സര്‍വീസ് വയര്‍ ഉപയോഗിച്ച് ഗ്രില്ലിലെ ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
നാടിനെ ഞെട്ടിച്ച സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലന്ന് മാത്രമല്ല, പിന്നീട് അണ്‍ഡിറ്റക്ടഡ് എന്ന പേരില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അന്വേഷണം അവസാനിച്ചു.
വീടിന്റെ ഗ്രില്ലില്‍ ഘടിപ്പിച്ച സര്‍വീസ് വയര്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണത്തിലിരിക്കുന്ന സമീപത്തെ വീട്ടിലെ മോട്ടര്‍ കണക്ഷനില്‍നിന്ന് മുറിച്ച് മാറ്റിയതാണെന്ന് വീടിന്റെ ഉടമ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇത്രയും ആസൂത്രിതമായ പദ്ധതി നടപ്പിലാക്കിയിട്ടും പോലീസ് അന്വേഷണം പ്രഹസനമായിരുന്നുവെന്നാണ് പറയുന്നത്. സര്‍വീസ് വയര്‍ മുറിച്ചതിനാല്‍ കെഎസ്ഇബിയും ഇതേകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം അന്വേഷണ സംഘം തയാറാക്കിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല.
ഇരിട്ടി നേരംപോക്ക് റോഡിലെ ഇലക്ട്രിക്കല്‍ കടയില്‍ നിന്നാണ് സര്‍വീസ് വയറിന്റെ അറ്റത്ത് ഘടിപ്പിച്ച ക്ലിപ്പ് വാങ്ങിയതെന്ന സംശയത്തെ തുടര്‍ന്നാണ് കടയടുമയുടെ മൊഴിപ്രകാരം പ്രതിയെന്ന് കരുതുന്നയാളിന്റെ രേഖാ ചിത്രം പോലീസ് തയാറാക്കിയത്.
തനിക്കാരും ശത്രുക്കളില്ലന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അന്നും ഇന്നും ടൗണിലെ വ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ അബ്ദുള്ളക്കുട്ടി.
കേസില്‍ പുനരന്വേഷണം ഉണ്ടാകുമെന്നും തന്നെയും കുടുംബത്തെയും വകവരുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.