കാലടി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വളയിലും വാച്ചിലും ഉപയോഗിക്കാവുന്ന ജിപിഎസ് പ്രോഗ്രാം ചെയ്തിരിക്കുന്ന ചിപ്പും ഇലക്ട്രിക് ഷൂസുമായി കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ. അവസാന വർഷ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥികളായ ആര്യ പ്രകാശ്, ബെൻസൻ ജോസ്, വി. അർജുൻ, എം. അക്ഷയ് എന്നിവരാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത്.
സ്ത്രീകൾക്ക് അനായാസേന ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇവ രണ്ടും. ആക്രമണം ഉണ്ടായാൽ ജിപിഎസ് പ്രോഗ്രാം ചെയ്ത വളയിലെ ബട്ടണിൽ അമർത്തിയാൽ വേണ്ടപ്പെട്ട മൂന്ന് മൊബൈൽ നന്പറുകളിലേക്ക് സന്ദേശം എത്തും. കൂടാതെ തൊട്ടടുത്ത പോലീസ് കണ്ട്രോൾ റൂമിലേക്കും സന്ദേശം പോകും. അപകടത്തിലായ വ്യക്തി നിൽക്കുന്ന സ്ഥലത്തിന്റെ വിവരം ഉൾപ്പെടെയാണ് സന്ദേശം എത്തുന്നത്.
ഓരോ രണ്ട് മിനിറ്റ് കൂടുന്പോൾ പോലീസ് കണ്ട്രോൾ റൂമിലേക്ക് സന്ദേശമെത്തുന്ന വിധമാണ് ചിപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അക്രമികൾക്ക് ഷോക്ക് ഏൽക്കുന്ന വിധമുള്ളതാണ് ഷൂസ്. ഷൂ ധരിച്ചിരിക്കുന്ന വ്യക്തി ഷൂവിലെ ബട്ടണിൽ അമർത്തിയതിനു ശേഷം അക്രമിയെ ചവിട്ടിയാൽ ഷൂവിൽനിന്ന് വൈദ്യുതി പ്രവഹിക്കുകയും അക്രമിക്ക് ബോധക്ഷയം വരെ ഉണ്ടാവുകയും ചെയ്യും.
ഈ രണ്ട് ഉപകരണങ്ങളും ഒരു തവണ ചാർജു ചെയ്താൽ ദിവസങ്ങളോളം ഉപയോഗിക്കാനാകുമെന്ന് വിദ്യാർഥികൾ പറയുന്നു. കോളജിലെ ഫാബ് ലാബിൽ ആറു മാസത്തോളം പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഉപകരണങ്ങൾ പൂർണ രൂപത്തിലായത്.
ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പി.എസ്. ആര്യ ദേവി, അധ്യാപിക ടി.എൻ. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഇവ വികസിപ്പിച്ചെടുത്തത്. സമൂഹത്തിന് ഗുണകരമാകുന്ന ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത കുട്ടികളെ ആദിശങ്കര എൻജിനിയറിംഗ് കോളജിലെ പ്രിൻസിപ്പൽ ഡോ. ദ്വരൈ രംഗസ്വാമി അനുമോദിച്ചു.