എസ്.ആർ. സുധീർ കുമാർ
കൊല്ലം: തമിഴ്നാട്ടിലെ വിരുദ നഗർ-തെങ്കാശി – ചെങ്കോട്ട സെക്ഷനുകളിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനം. ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. ആദ്യ സർവീസ് നാളെ ആരംഭിക്കും.
ചെന്നൈ എഗ്മോർ-ചെങ്കോട്ട എക്സ്പ്രസ് ആണ് ആദ്യ സർവീസ് നടത്തുക. ഈ വണ്ടി തിരികെ നവംബർ ഒന്നു മുതലും ഓടിത്തുടങ്ങും. ചെന്നെ എഗ്മോർ -ചെങ്കോട്ട ശിലമ്പ് എക്സ്പ്രസാണ് വൈദ്യുതി ലൈനിലെ രണ്ടാം ട്രെയിൻ. ഇതും നവംബർ ഒന്നിന് ആരംഭിക്കും.
തിരികെയുള്ള സർവീസ് മൂന്നിനും ഓട്ടം തുടങ്ങും. മയിലാടുംതുറ -ചെങ്കോട്ട എക്സ്പ്രസാണ് മൂന്നാമത്തെ സർവീസ്. ഇതും നവംബർ ഒന്നിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് നവംബർ രണ്ടിനും തുടങ്ങും.
ഈ മൂന്ന് വണ്ടികളും വൈദ്യുതി ലൈനിൽ ഓടിത്തുടങ്ങുമ്പോൾ അതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുന്നത് കേരളത്തിനാണ്. ഈ വണ്ടികളുടെ അവസാന സ്റ്റോപ്പായ ചെങ്കോട്ട തമിഴ്നാട് -കേരള അതിർത്തിയിലാണ്.
അതുകൊണ്ട് തന്നെ ചെങ്കോട്ടയിൽ എത്തുന്നവർക്ക് ട്രയിനിൽ തന്നെ വേഗത്തിൽ പുനലൂരിലും കൊല്ലത്തും എത്താൻ കഴിയും. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ വ്യാപാര ആവശ്യങ്ങൾക്ക് പോയി വരുന്ന നൂറു കണക്കിന് മലയാളികൾക്ക് ഇത് ഗുണം ചെയ്യും.
വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും റെയിൽവേ അധികൃതർ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഹൈ വോൾട്ടേജ് ലൈൻ ആയതിനാൽ രണ്ട് മീറ്റർ അകലെപ്പോലും ഷോക്കടിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് പ്രധാന മുന്നറിയിപ്പ്. മഴയും ഇടിമിന്നലുമുള്ള സമയത്ത് ഓവർ ഹെഡ് ഇലക്ട്രിക് ലൈനിനു സമീപത്ത് കൂടി കുടകൾ നിവർത്തിപ്പിടിച്ച് സഞ്ചരിക്കുന്നതും സുരക്ഷിതമല്ല.
ബോഗികൾക്കും ഗുഡ്സ് വാഗണുകൾക്കും മുകളിൽ കയറുന്നതും അപകടകരമാണ്. മുകളിൽ കയറി സെൽഫി എടുക്കാനും പാടില്ല.റെയിൽവേ ഓവർ ബ്രിഡ്ജ്, ഫുട് ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്ന് ഒരു സാധനവും ഓവർ ഹെഡ് ലൈനിലേയ്ക്ക് വലിച്ചെറിയരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് വൻ അപകടങ്ങൾക്ക് വഴിവച്ചേക്കാം.
ഓവർ ഹെഡ് ലൈനിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കുന്നത് അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി വേണം ചെയ്യേണ്ടത്. ലവൽക്രോസുകൾ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് മുകളിൽ ആരും യാത്ര ചെയ്യരുത്.
അനുവദീയമായതിന് അപ്പുറം ലഗേളുകളും വാഹനങ്ങൾക്ക് മുകളിൽ കയറ്റാൻ പാടില്ല. മെറ്റൽ കഴകളിൽ കൊടികൾ കെട്ടി പ്രകടനങ്ങൾ നടത്തുന്നവരും ലവൽ ക്രോസുകൾ വഴി പോകുമ്പോൾ കർശന ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.