ചങ്ങനാശേരി: കേരള സർക്കാർ നേരിട്ട് നടത്തുന്ന ഹൈ സ്പീഡ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ആരംഭിക്കുന്നു. മൂന്നു സ്റ്റേഷൻ നിർമിക്കുന്നതിൽ ആദ്യത്തേത് ചങ്ങനാശേരിയിൽ ആരംഭിക്കും.
ഇതു സംബന്ധിച്ചു അനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തി ചർച്ചയിലാണ് അനെർട്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വഴിയൊരുങ്ങിയത്.
ആവശ്യമായ അഞ്ച് സെന്റ് സ്ഥലം ചങ്ങനാശേരി ബൈപ്പാസ് തുടങ്ങുന്ന ളായിക്കാട് ഭാഗത്തു തരപ്പെടുത്താമെന്നു നഗരസഭ ചെയർപേഴ്സണ്‍ സന്ധ്യ മനോജ് എംഎൽഎയെ അറിയിച്ചിട്ടുണ്ട്.
അടുത്തുതന്നെ കൂടുന്ന മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ ഒൗദ്യോഗികമായി തീരുമാനമെടുക്കുമെന്ന് ചേയർപേഴ്സണ്‍ അറിയിച്ചിട്ടുണ്ട്.
ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്തിന്റെ അടുത്താണ് നിർദിഷ്ട സ്ഥലം. ചാർജ് ചെയുവാൻ വരുന്ന ആൾക്കാർക്ക് ഇത് വളരെ ഏറെ പ്രയോജനം ചെയും.
പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അനർട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ പങ്കാളിയാകുന്ന നഗരസഭകൾക്ക് സർക്കാർ 70 പൈസ/ യൂണിറ്റ് സ്ഥല വാടകയായി നൽകും. സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ചെലവ് അനർട്ടും ഇഇഎസ്എലും വഹിക്കും. മൊബൈൽ ആപ്പ് വഴി മുൻകൂറായി സ്ലോട്ട് ബുക്ക് ചെയ്യാം.