പത്തനംതിട്ട: മലയാലപ്പുഴയില്‍ സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മലയാലപ്പുഴ വളളിയാനി ചരിവ് പുരയിടത്തില്‍ ശാന്തമ്മ ഏബ്രഹാമാണ് (63) അയല്‍വാസിയുടെ പുരയിടത്തോടു ചേര്‍ന്ന സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റത്.
കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറാതിരിക്കാനാണ് സ്ഥാപിച്ചിരുന്ന സോളാര്വേലിയിലാണ് അപകടമുണ്ടായത്. വേലിയിലൂടെ വൈദ്യുതി കടത്തിവിട്ടതാണ് അപകടകാരണമെന്നു കരുതുന്നു.
ശനിയാഴ്ച വൈകുന്നേരം പാചകത്തിന് വിറക് ശേഖരിക്കാന്‍ പോയ ശാന്തമ്മയെ കാണാതെ വന്നതോടെ ഭര്‍ത്താവ് എബ്രഹാം തോമസ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിന് 200 മീറ്റര്‍ മാത്രം അകലെ വൈദ്യുതവേലിയില്‍ കുരുങ്ങി ബോധരഹിതയായി കിടക്കുന്നത് കണ്ടത്.
രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഏബ്രഹാം തോമസിനും വൈദ്യുതാഘാതമേറ്റു. ബഹളംകേട്ട് എത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും മരിച്ചിരുന്നു.
വൈദ്യുത വേലി കെട്ടിയ വസ്തു ഉടമയ്ക്കെതിരേ മലയാലപ്പുഴ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
സന്തോഷ് തോമസ്, മിനി തോമസ് എന്നിവരാണ് ശാന്തമ്മയുടെ മക്കള്‍. മരുമകന്: റെന്നി ഏബ്രഹാം. ശാന്തമ്മയുടെ സംസ്കാരം ഇന്ന് 12ന് കുമ്പളാംപൊയ്ക ഓമത്താനം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍.