
വടക്കഞ്ചേരി: കോവിഡ് ബാധയെ തുടർന്ന് നിർത്തിവച്ച പാലക്കുഴിയിലെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഇന്നലെ മുതൽ പുനഃരാരംഭിച്ചു.
ചെക്ക്ഡാമിന് മുകളിലൂടെയുള്ള പാലം നിർമാണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ഒൗസേപ്പ്, പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.സി.പത്മരാജൻ, സ്റ്റേഷൻ എൻജിനീയർ ഷാരോണ്‍ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് പ്രവൃത്തികൾ തുടങ്ങിയത്.
60 മീറ്റർ ദൂരത്തിലാണ് പുഴയ്ക്ക് കുറുകേയുള്ള ചെക്ക്ഡാമിനു മുകളിൽ പാലം നിർമിക്കുന്നത്. ഒരു മീറ്റർ മുതൽ നാലുമീറ്റർ വരെ ഉയരത്തിൽ ചെരിച്ചാണ് കോണ്‍ക്രീറ്റ് തൂണുകളിൽ പാലം നിർമിക്കുക.
ചെക്ക്ഡാമിനും പാലത്തിനും ഇടയിലുള്ള ഭാഗത്തു കൂടിയാണ് ചെക്ക്ഡാം നിറഞ്ഞുള്ള വെള്ളം ഓവർഫ്ളോ ആയി താഴേയ്ക്ക് പതിക്കുക. ചെക്ക്ഡാമിൽ അഞ്ചുമീറ്റർ ഉയരത്തിൽ വെള്ളം നില്ക്കും. വലിയ വാഹനങ്ങൾക്ക് പോകാവുന്ന വിധം മൂന്നരമീറ്റർ പാലത്തിന് വീതിയുണ്ടാകും.
പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകണം. ഇതിനായി ഭൂവുടമയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രാഥമിക ചർച്ചനടത്തി. ചർച്ച വിജയിച്ചിട്ടില്ല.
പദ്ധതിക്കായി വനത്തിലൂടെ പൈപ്പ് സ്ഥാപിക്കാൻ വനംവകുപ്പിൽ നിന്നുള്ള അനുമതി വൈകാതെ ലഭിക്കുമെന്നും ചീഫ് എൻജിനീയർ പത്മരാജൻ പറഞ്ഞു.ചെക്ക് ഡാമിൽനിന്നും താഴെ സ്ഥാപിക്കുന്ന പവർഹൗസിലേക്ക് പൈപ്പ് സ്ഥാപിക്കാൻ 0.3 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്.
ഈ ഭാഗത്ത് മുറിക്കുന്ന മരങ്ങൾക്ക് പകരം മറ്റൊരിടത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ പണം നല്‍കണം. ഇതു സംബന്ധിച്ച ഫയൽ ആലത്തൂർ റേഞ്ച് ഓഫീസറുടെ പക്കലാണെന്നും തീരുമാനം ഉടനേയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പൈപ്പ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഒരു വർഷംമുന്പ് കത്ത് നല്‍കിയിരുന്നതാണ്. വനംവകുപ്പിന്റെ അനുമതി വൈകുന്നതുമൂലം പൈപ്പ് സ്ഥാപിക്കലും ഒരു വർഷം വൈകുന്ന സ്ഥിതിയുണ്ടായി. വെള്ളചാട്ടത്തിനു താഴെ കൊന്നക്കൽക്കടവിലെ പവർഹൗസിന്റെ നിർമാണം ഡിസംബറോടെ തുടങ്ങാനാകുമെന്നും ചീഫ് എൻജിനിയർ പറഞ്ഞു.
നേരത്തെ ഇലക്ട്രിക് ആൻഡ് മെക്കാനിക്കൽ വർക്കുകൾക്കായി ടെണ്ടർ വിളിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഇതേ തുടർന്ന് റീ ടെണ്ടർ വിളിച്ചു. ടെണ്ടർ അടുത്തമാസം ഓപ്പണ്‍ ചെയ്യും.
2017 ഡിസംബർ 21-നാണ് ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോകന്പനി നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിർവഹിച്ചത്. രണ്ടുവർഷംകൊണ്ടു പദ്ധതി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാനായിരുന്നു ലക്ഷ്യംവച്ചിരുന്നത്.
എന്നാൽ വനംവകുപ്പിന്റെ തടസങ്ങളും കോവിഡ് ബാധയും പ്രതിസന്ധിയുണ്ടാക്കി. വ ർഷത്തിൽ 3.78 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയുള്ളത്.