വടക്കഞ്ചേരി: ആദിവാസി കോളനികളിലെ കറന്റ്ബിൽ കുടിശ്ശിക ലക്ഷങ്ങളാണെന്നും ഭീമമായ ഇത്തരം ബില്ലുകൾ പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്നും വൈദ്യുതിവകുപ്പ് അധികൃതർ.നിത്യവൃത്തിക്ക് പോലും വഴിയില്ലാത്ത പാറപ്പുറത്തെ ഒറ്റമുറി വീടുകളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്കാണ് കാൽലക്ഷംരൂപവരെയുള്ള കറന്റ് ബിൽ കുടിശ്ശിക കാണിച്ച് വൈദ്യുതിവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഒരുമാസം മുന്പാണ് കടപ്പാറയിൽ മാത്രം 26 ആദിവാസി കുടുംബങ്ങൾക്ക് നാല് ദിവസത്തിൽ ബിൽ കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് വിതരണം ചെയ്തത്. കാൽലക്ഷം രൂപവരെയായിരുന്നു ഓരോ കുടുംബത്തിന്റെയും കുടിശ്ശിക. ആറുവർഷംവരെയുള്ള വൈദ്യുതി കുടിശ്ശിക ഒന്നിച്ച് അടയ്ക്കണമെന്നാണ്നോട്ടീസിൽ പറഞ്ഞിരുന്നത്.
പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുകയം മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഭീഷണി. എന്നാൽ നോട്ടീസിൽ പറയുന്ന തുടർ നടപടികളിലേക്കൊന്നും വൈദ്യുതിവകുപ്പ് പോയില്ല. കുടിശ്ശിക വിവരം കണക്ഷൻ ഉടമകളെ അറിയിക്കുക മാത്രമാണ് നോട്ടീസ്കൊണ്ട് ഉദ്ദേശിച്ചതെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ നടക്കില്ലെന്നും കെ എസ് ഇ ബി മുടപ്പല്ലൂർ സെക്ഷൻ അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും ഈ പ്രശ്നമുണ്ടെന്നും ഇതിന് ബോർഡ്തന്നെയാണ് അന്തിമതീരുമാനംഎടുക്കേണ്ടതെന്നും അധികാരികൾ വിശദീകരിക്കുന്നു. നേരത്തെ പട്ടികവർഗ്ഗക്ഷേമ വകുപ്പ് ഇത്തരം കറന്റ് ബിൽ കുടിശ്ശിക അടച്ചിരുന്നത് ഇപ്പോൾ അതും ഇല്ലാതായി.