അമ്പലപ്പുഴ: വീടും സ്ഥലവും കടലെടുത്തതുമൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്കു 39, 500 രൂപയുടെ വൈദ്യുതി ബിൽ. തുക ദുരിതബാധിതർ അടയ്ക്കണമെന്ന് പഞ്ചായത്ത്. പുറക്കാട് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിൽ കഴിയുന്ന ദുരിതബാധിതർക്കാണ് ഇരുട്ടടി ലഭിച്ചിരിക്കുന്നത്. വീടും സ്ഥലവും കടലാക്രമണത്തിൽ നഷ്ടമായതിനെ തുടർന്നാണു 2015 നവംബർ 13നു ഏഴു കുടുംബങ്ങളെ പഞ്ചായത്ത് ഇടപെട്ട് ഇവിടെ താമസിപ്പിച്ചത്.
ഇതിനുശേഷം സെക്രട്ടറിയുടെ പേരിൽ ഇവിടെ വന്ന വൈദ്യുത ബില്ലുകൾ ദുരിതബാധിതർ പഞ്ചായത്തിലോ വില്ലേജിലോ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമെത്തിയ 39,500 രൂപയുടെ ബില്ല് കൈപ്പറ്റാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. ഇത്രയും തുക തങ്ങൾക്കടയ്ക്കാൻ കഴിയില്ലെന്നും ഈ തുക ദുരിതബാധിതർ തന്നെ അടയ്ക്കണമെന്ന നിലപാടിലുമാണ് പഞ്ചായത്ത്. വിവരം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഈ മാസം 27നകം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.