വണ്ണപ്പുറം: ഒറ്റമുറി കെട്ടിടത്തിനു കെഎസ്ഇബി നൽകിയ ബില്ല് കണ്ട് ഉപഭോക്താവ് അന്പരന്നു. വണ്ണപ്പുറം ടൗണിലെ കെട്ടിട ഉടമയ്ക്ക് വൈദ്യുതിബില്ലായി കെഎസ്ഇബി നൽകിയത് 1,232 രൂപ.
വളരെ കുറച്ചുമാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക കണ്ട് അന്പരന്നു. മുന്പു 250 രൂപയിൽ താഴെമാത്രം ആയിരുന്ന ബില്ലാണ് ഇത്തവണ അഞ്ചിരട്ടിയിലേറെ വർധിച്ചത്.
ഇതോടെ ഉപഭോക്താവ് തന്നെ മീറ്റർ റീഡിംഗ് പരിശോധിച്ചപ്പോൾ ഉപഭോഗം 13 യൂണിറ്റ് മാത്രമായിരുന്നു. മുൻ ബില്ലിൽ റീഡിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നാണ്. ഇപ്പോഴത്തെ മീറ്റർ റീഡിംഗ് 1033 മാത്രം.
എന്നാൽ കെഎസ്ഇബി നൽകിയ ബില്ലിൽ കാണിച്ചിരിക്കുന്ന വൈദ്യുതി ഉപഭോഗം 159 യൂണിറ്റാണ്. തുടർന്ന് കാളിയാർ കെഎസ്ഇബി ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ വീണ്ടും പരിശോധിച്ചു ഉപഭോക്താവിന്റെ കണ്ടെത്തൽ ശരിയാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് ബില്ലിൽ കുറവുവരുത്തി പുതിയ ബില്ല് നൽകുമെന്നും പറഞ്ഞു.പുതിയ ആളാണ് മീറ്റർ റീഡിംഗ് എടുത്തതെന്നും പരിചയക്കുറവുമൂലമാണ് പിഴവു സംബന്ധിച്ചതെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ വൈദ്യുതി ബില്ലടയ്ക്കാനെത്തിയ ഉപഭോക്താവിന്റെ പക്കൽനിന്നു 261 രൂപയാണ് കെഎസ്ഇബി ഈടാക്കിയത്.മുൻ പരിചയമില്ലാത്ത ആളുകളെ താത്കാലികമായി ജോലിക്കു നിയോഗിക്കുന്നതാണ് ഇത്തരം പിഴവുകൾക്ക് കാരണമെന്നും രാഷ്ടീയ താത്പര്യത്തിലാണ് ഇവരെ നിയമിക്കുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.