അങ്കമാലി: വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും ധരിക്കുന്ന ഷൂസില്നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യയുമായി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധനേടുന്നു. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ചുവച്ചു പിന്നീടു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പവര്‍ ബാങ്കായി ഉപയോഗിക്കാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
മാള ഹോളി ഗ്രേസില്‍ നടന്ന ശാസ്ത്രമേളയിലാണു വിശ്വജ്യോതി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഈ കണ്ടുപിടിത്തം അവതരിപ്പിച്ചത്. ഷൂവിനടിയില്‍ സ്ഥാപിക്കുന്ന നാണയത്തിന്റെ വലിപ്പമുള്ള പിസോ ഇലക്ട്രോണിക് പ്ലേറ്റ്സാണു സംവിധാനത്തിന്റെ പ്രധാന ഘടകം. നടക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന മര്‍ദത്തില്‍ നിന്നുണ്ടാകുന്ന രണ്ട് വോള്‍ട്ട് വൈദ്യുതിയെ ബൂസ്റ്ററും കണ്‍വര്‍ട്ടറും ഉപയോഗിച്ച് ആല്ക്കലയിന് ബാറ്ററിയിലേക്കു സ്റ്റോര്‍ ചെയ്യുകയാണു ചെയ്യുന്നത്.
പുറത്തു കാണാത്തവിധത്തില്‍ ഇവ ഷൂവില്‍ ഫിറ്റ് ചെയ്യാനാകും. ദീര്‍ഘദൂരയാത്രകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പ്രശ്നം ഇതോടെ പരിഹരിക്കാനാകുമെന്നു വിദ്യാര്‍ഥികളായ അലന് ആന്‍ജോ, ഡാനിയല്‍ സണ്ണി, അലന്‍പോള്‍, ജോര്‍ജ് സിജിന്‍ എന്നിവര്‍ പറഞ്ഞു. വീട്ടില്‍ ആളില്ലാത്തപ്പോഴും മൊബൈല്‍ ഫോണ്‍ വഴി വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, സെന്‍സറുകളുടെ സഹായത്തോടെ വിളക്കുകളുടെ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണത്തിനും അപകടങ്ങള്‍ ഒഴിവാക്കാനും നൂതന മാര്‍ഗങ്ങള്‍ തുടങ്ങിയ അമ്പതിലധികം മോഡലുകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. മുപ്പതോളം വിദ്യാലയങ്ങള്‍ പങ്കെടുത്തു. എന്‍ജിനിയറിംഗ് കോളജുകളുടെ നേതൃത്വത്തില്‍ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ടെക്ഫെസ്റ്റും ഇതോടനുബന്ധിച്ചു നടന്നു.