പത്തനംതിട്ട: വേനൽമഴ കെഎസ്ഇബി തൊഴിലാളികൾക്ക് പൊല്ലാപ്പായി. വൈദ്യുതിതടസം സംബന്ധിച്ച പരാതികൾ വിവിധ കോണുകളിൽ നിന്നുയരുന്പോൾ സമയബന്ധിതമായി ഇതു പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് തൊഴിലാളികൾ. കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയുടെ പല ഭാഗങ്ങളിലും വേനൽമഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടായതോടെയാണ് വൈദ്യുതി തകരാറുകൾ വ്യാപകമായത്.
തകരാറുകൾ പരിഹരിക്കാനാവശ്യമായ ജീവനക്കാർ പലയിടത്തും ഡ്യുട്ടിയിലുണ്ടായിരുന്നില്ല. വൈകുന്നേരവും രാത്രിയിലും മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണാണ് തകരാറുകൾ ഏറെയുണ്ടായത്. വൈദ്യുതി പോസ്റ്റുകൾ പലിയിടത്തും ഒടിഞ്ഞുവീണു. സമയബന്ധിതമായി ഇവയ്ക്കൊക്കെ പരിഹാരം കാണാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
പരമാവധി വേഗത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്നത്. വൈദ്യുതി ലൈനുകളിൽ കടപുഴകിയ മരങ്ങൾ വെട്ടിമാറ്റി ലൈനുകൾ പുനഃസ്ഥാപിക്കുന്ന ഭാരിച്ച ജോലി പലയിടത്തും ഏറ്റെടുത്തത്. ഇതിനിടെ പരാതികൾ വീണ്ടും കൂടിയതോടെ പല സെക്ഷൻ ഓഫീസുകളിലും ഫോണ് എടുക്കാൻ ആളില്ലെന്ന പരാതി വ്യാപകമായുണ്ടായി.
സെക്ഷൻ ഓഫീസുകളിൽ ഫോണ് വിളിച്ചിട്ടു പ്രയോജനമില്ലെന്ന പേരിൽ കെഎസ്ഇബിയുടെ കേന്ദ്രീകൃത നന്പരുകളിൽ വിളിച്ച് പരാതി രേഖപ്പെടുത്തിയവരും ഏറെയാണ്.വൈദ്യുതി മുടക്കത്തിനു പിന്നാലെ പലയിടത്തും വോൾട്ടേജ് ക്ഷാമം തുടരുകയാണ്.
ലൈനുകളിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാനാകാത്തതാണ ്വോൾട്ടേജ് ക്ഷാമത്തിനു കാരണമായത്. ചിറ്റാർ, സീതത്തോട്, വടശേരിക്കര തുടങ്ങിയ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായിട്ടു ദിവസങ്ങളായി. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് വീണ്ടും കഴിഞ്ഞദിവസങ്ങളിൽ കാറ്റ് അടിച്ചത്.
ഇതോടെ വീണ്ടും പരാതികളും എണ്ണം കൂടി. ടൗണ് പ്രദേശങ്ങളിലെങ്കിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വേനൽക്കാലത്ത് ടച്ചിംഗ് വെട്ടുജോലികൾ ഇത്തവണ കാര്യക്ഷമമായിരുന്നില്ല. ഇക്കാരണത്താലാണ് മഴ തുടങ്ങിയതോടെ വൈദ്യുതി ലൈനുകൾക്കു മുകളിലേക്ക് മരങ്ങൾ കടപുഴികയത്.