കോഴിക്കോട്: എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു എന്ന വിധത്തിൽ സർക്കാർ കൊട്ടിയാഘോഷിച്ച സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം തട്ടിപ്പെന്ന പരാതിയുമായി നാല് കുടംബങ്ങൾ രംഗത്ത്. പ്രഖ്യാപനം നടത്തിയ കോഴിക്കോട്ടു നിന്നു തന്നെ വഞ്ചിക്കപ്പെട്ട കുടുംബങ്ങൾ പരാതിയുമായെത്തി. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിൽ പദ്ധതിക്കു കീഴിൽ ഉൾപ്പെടാൻ അർഹതപ്പെട്ട നാലു കുടുബങ്ങളെയാണ് അന്യായമായ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത്. ‘
വീട്ടിൽ വയറിംഗും അനുബന്ധ ജോലികളും പൂർത്തികരിക്കാൻ നിർദ്ദേശിച്ച കെ എസ് ഇ ബി അധികൃതർ സ്ഥലപരിശോധനക്കു ശേഷം കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തായി വീട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശനുസരണം പണി നടത്തിയതിനു പുറമെ സ്ഥലപരിശോധനക്കു എത്തിച്ചതുൾപ്പെടെ ഓരോ കുടുംബങ്ങൾക്കും 30, 000 രൂപ ചിലവായതായതായി ഇവർ പരാതിപ്പെടുന്നു.
എന്നാൽ പരാതിക്കാരുടെ വീടുകൾ താമസയോഗ്യമല്ലന്നും ഗോഡൗണ്‍ ആയി ഉപയോഗിക്കുതാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരെ ലിസ്റ്റിൽനിന്നും ഒഴുവാക്കുകയായിരുന്നു. സന്പൂർണ വൈദ്യുതീകരണം പ്രഖ്യാപനത്തിനിടയിലും അർഹതപ്പെട്ടവരെ അവഗണിക്കുന്ന നിലപാടാണ് ഇലക്ട്രിക്കൽ സെക്ഷന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കുടുംബങ്ങളുടെ പരാതി. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബങ്ങൾ.