ഹിമാചല് പ്രദേശിലെ കോണ്ഗ്രസ് സര്ക്കാരിനെതിരേ വിമര്ശനവുമായി മണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗത്ത്.മണാലിയിലെ തന്റെ വീട്ടിലെ കറന്റ് ബില് ചൂണ്ടിക്കാട്ടിയാണ് വിമര്ശനം. ഇപ്പോള് താമസിക്കാത്ത വീട്ടില് ഒരുലക്ഷം രൂപയാണ് കറന്റ് ബില് ലഭിച്ചതെന്നാണ് അവര് ആരോപിക്കുന്നത്.
ഹിമാചലില് ഒരു പൊതുപരിപാടിയില് സംസാരിക്കുമ്പോഴായിരുന്നു കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില് കണ്ട് ‘ഞെട്ടിയ’ കാര്യം തുറന്ന് പറഞ്ഞത്. ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്. ഞാനിപ്പോള് അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്.
ബില് കണ്ട് എന്താണ് നടക്കുന്നതെന്നോര്ത്ത് എനിക്ക് ലജ്ജ തോന്നി- എന്നായിരുന്നു കങ്കണയുടെ വാക്കുകള്. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാന് ബിജെപി പ്രവര്ത്തകരോട് കങ്കണ പ്രസംഗത്തില് ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്ത്തകരോട് അതിന് വേണ്ടി പ്രവര്ത്തിക്കാന് കങ്കണ ആഹ്വാനംചെയ്തു.
ഈ രാജ്യത്തെ, ഈ സംസ്ഥാനത്തെ, പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. നമ്മുടെ സംസ്ഥാനത്തെ ചില ചെന്നായ്ക്കളുടെ നഖങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. നിലവിൽ സിനിമയിൽ അത്ര സജീവമല്ല കങ്കണ. എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ ഒടുവിൽ വേഷമിട്ടത്. ഈ ചിത്രം സംവിധാനംചെയ്തതും കങ്കണയായിരുന്നു.