ചെങ്ങന്നൂർ : എംസി റോഡിൽ കാരക്കാട് ഹൈസ്കൂളിനു സമീപത്തെ വൈദ്യുതി വിതരണ ലൈനിനു മുകളിലേക്ക് അപകടകരമാംവിധം ചാഞ്ഞു കിടക്കുന്ന സമീപ പുരയിടത്തിലെ തെങ്ങോലകൾ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. ഇവ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി.
ലൈനിൽ ടച്ച് ചെയ്ത് കിടക്കുന്ന പച്ചഓലകൾ കാറ്റിൽ ഇളകിനീങ്ങി വൈദ്യുതി കമ്പികളിൽ ഉരയുന്നതിനാൽ തെങ്ങിൻചുവട്ടിലേക്ക് വൈദ്യുതിപ്രവഹിച്ച് അപകടത്തിനു കാരണമായേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഇക്കാര്യം നാട്ടുകാർ പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
മഴക്കാലത്തിനു മുന്നോടിയായി വൈദ്യുതി വിതരണ ലൈനുകളിലെ തടസങ്ങൾ, ടച്ചുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന സർക്കാർ നിർദേശവും നിലനിൽക്കെയാണ് സമാന സംഭവത്തിൽ നാട്ടുകാരുടെ പരാതിയോടുള്ള അവഗണന അധികൃതർ തുടരുന്നതെന്ന ആക്ഷേപവുമുണ്ട്.
തെങ്ങിൻ ചുവട്ടിലോ അരികിലോ എത്തുന്ന കുട്ടികളടക്കമുള്ളവർ അശ്രദ്ധമായി തടിയിലോ ലൈനിൽ ടച്ച് ചെയ്ത് താഴേക്കു കിടക്കുന്ന ഓലയിലോ സ്പർശിക്കാനിടയായാൽ അത് വൻ അപകടത്തിനു ഇടയാക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.