ന്യൂഡൽഹി: ഇലക്ട്രിക്ക് സ്കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ ആയിരത്തിലധികം ആളുകളെ കളിപ്പിച്ച് പണം തട്ടിയ കേസില്‍ 20 പേര് അറസ്റ്റില്‍. നാല് സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവരെ പിടികൂടിയത്.
ബിഹാറില്‍ നിന്നും 11 പേര്, തെലുങ്കാനയില്‍ നിന്നും നാല് പേര്, ഝാര്‍ഖണ്ഡില്‍ നിന്നും മൂന്നു പേര്, കര്‍ണാകയില്‍ നിന്നും രണ്ട് പേര് എന്നിങ്ങനെയാണ് അറസ്റ്റിലായത്.
ടി.വി. വെങ്കിടാചല (35), നാഗേഷ് എസ്.പി (31), സുശാന്ത് കുമാർ (22), രാജേഷ് കുമാർ (29), അമൻകുമാർ (25), അനീഷ് (26), ബിട്ടു (27), സന്നി (22), നവ്ലേഷ് കുമാർ (22), ആദിത്യ (22), വിവേക് കുമാർ (25), മുരാരി കുമാർ (38), അജയ് കുമാർ (19), അബിനാഷ് കുമാർ (22), പ്രിൻസ് കുമാർ ഗുപ്ത (37), വാദിത്യ ചിന്ന (22), ആനന്ദ് കുമാർ (21), കത്രവത്ത് ശിവകുമാർ (22), കത്രവത്ത് രമേശ് (19), ജി. ശ്രീനു (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇലക്ട്രിക് സ്കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ ആളുകളുമായി അടുത്ത പ്രതികള്‍ ഇവരോട് രജിസ്ട്രേഷനായി ആദ്യം 499 രൂപ ഓണ്‍ലൈനായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു.
പിന്നീട് വാഹന ഇന്‍ഷുറന്‍സിനും മറ്റുമായി കൂടുതല്‍ പണം അടയ്ക്കാനും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചു.
ആളുകളില്‍ നിന്നും പണം കൈപ്പറ്റിയ ഇവര്‍ വാഹനം ലഭിക്കാന്‍ താമസമുണ്ടെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു.
തട്ടിപ്പിനിരയായി 30,998 രൂപ നഷ്ടപ്പെട്ട ഒരാള്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്.
പ്രതികളില്‍ ഒരാളെ ബംഗളൂരുവില്‍ വച്ച് പോലീസ് പിടികൂടിയിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ഏഴ് ലാപ്ടോപ്പുകൾ, 38 സ്മാർട്ട് ഫോണുകൾ, 25 സാധാ ഫോണുകൾ, രണ്ട് ഹാർഡ് ഡിസ്കുകൾ, രണ്ട് സ്മാർട്ട് വാച്ചുകൾ, 114 സിം കാർഡുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.