ഒരു ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എലീസ കാർസണും അങ്ങനെയായിരുന്നു. അമേരിക്കയിലെ ലൂസിയാന സ്വദേശിനിയായ എലീസ ഇനിമുതൽ നാസയുടെ ഭാഗമാണ്.
ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുന്ന നാസയുടെ ദൗത്യത്തിലേക്കാണ് എലീസയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാസയുടെ ദൗത്യങ്ങളിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാർഡ് എലീസയ്ക്കു ലഭിക്കുമെങ്കിലും ചൊവ്വാദൗത്യം ആരംഭിക്കുന്പോൾ എലീസയ്ക്ക് 32 വയസാകും.
അതായത്, 2033ൽ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാനാണ് നാസയുടെ പദ്ധതി. രണ്ടു മുതൽ മൂന്നു വർഷം വരെയാണ് ദൗത്യകാലാവധി. നിലവിൽ എലീസ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിലാണ്. നാസയുടെ പോളാർ ഓർബിറ്റൽ സയൻസിലാണ് പരിശീലനം.
സീറോ ഗ്രാവിറ്റി ട്രെയിനിംഗ്, വെള്ളത്തിനടിയിൽ ജീവിക്കാനുള്ള പരിശീലനം തുടങ്ങിയവയാണ് ഇവിടെ നല്കുന്നത്. നാസയുടെ ബഹിരാകാശസഞ്ചാരി എന്ന പേര് ഒൗദ്യോഗികമായി ലഭിക്കണമെങ്കിൽ 18 വയസ് പൂർത്തിയാകണം. അതിനാൽ ബ്ലൂബെറി എന്ന കോഡ് നെയിമാണ് എലീസയ്ക്ക് നല്കിയിരിക്കുന്നത്.
കുട്ടിക്കാലത്ത് നാസയുടെ യുണെറ്റഡ് സ്റ്റേറ്റ് സ്പേസ് കാന്പസിലെ നിത്യസന്ദർശകയായിരുന്നു എലീസ. ബഹിരാകാശസഞ്ചാരിയായി ചൊവ്വയിൽ ചെന്നശേഷം ഭൂമിയിൽ തിരിച്ചെത്തണം എന്നതാണ് സ്വപ്നലക്ഷ്യമെങ്കിലും അതിനുശേഷം ഒരു അധ്യാപികയോ അമേരിക്കൻ പ്രസിഡന്റോ ആകണമെന്നും ആഗ്രഹമുണ്ട്.
കാർട്ടൂണിൽ വിരിഞ്ഞ സ്വപ്നം
മൂന്നാം വയസിൽ തുടങ്ങിയതാണ് എലീസയുടെ ബഹിരാകാശഭ്രമം. ദ ബാക്ക് യാർഡിഗൻസ് എന്ന കാർട്ടൂണിലെ മിഷൻ ടു മാർസ് എന്ന എപ്പിസോഡിൽ ചുവന്ന ഗ്രഹത്തിലേക്ക് ഒരു സംഘം സുഹൃത്തുക്കൾ നടത്തിയ സാങ്കല്പിക യാത്രയെക്കുറിച്ചാണ് പരാമർശിക്കുന്നത്.
ഇതാണ് എലീസയിലെ ബഹിരാകാശസഞ്ചാരിയെ വളർത്തിയത്. തന്റെ ഒരേയൊരു ജീവിതലക്ഷ്യം ബഹിരാകാശ സഞ്ചാരിയാകുക എന്നതാണെന്ന് എലീസ ഒരു അഭിമുഖത്തിൽ പറഞ്ഞു.