വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങുന്ന കൂട്ടുകൊമ്പന്മാർ ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ 10 വർഷമായി കേരളത്തിലെ ആന തൊഴിലാളികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഒരു കൂട്ടായ്മ.
പത്താം വർഷത്തിൽ കൂട്ടുകൊമ്പന്മാർ ശ്രദ്ധേയമാകുന്നത് ആനകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്ന, എന്നാൽ അധികമാരും അറിയാതെ പോയ ചില വ്യക്തികളെ ആദരിക്കാനായി സംഘടിപ്പിക്കുന്ന ചടങ്ങിലൂടെയാണ്. സ്ഥിരമായി അവാർഡ് നൽകി ആദരിക്കുന്ന പ്രമുഖരെ ഒഴിവാക്കി ആന തൊഴിലാളികളിൽ ആരും അറിയാതെ പോകുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഏതാനും പേരെയാണു പത്താം വർഷത്തിൽ കൂട്ടുകൊമ്പന്മാർ എന്ന കൂട്ടായ്മ ആദരിക്കുന്നത്.
കൂട്ടുകൊമ്പന്മാർ എന്ന കൂട്ടായ്മയിൽ അധികം അംഗങ്ങളൊന്നുമില്ല. ആകെയുള്ളത് വെറും 49 അംഗങ്ങൾ മാത്രം. ഇതിൽ ഒരു ആന മുതലാളിയോ ആന തൊഴിലാളിയോ ഇല്ല. ആനകളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന ഒന്നോ രണ്ടോ പേർ മാത്രമുണ്ട്. ബാക്കിയുള്ളവർ നേരത്തെ പറഞ്ഞപോലെ അക്കൗണ്ടന്റുമാരും ഗൾഫിൽ ജോലി ചെയ്യുന്നവരും ഐടി വിദഗ്ധരുമാണ്.
ഇവർ ഈ 10 വർഷത്തിനുള്ളിൽ ചെയ്തുകൂട്ടിയ നല്ല കാര്യങ്ങൾനിരവധിയാണ്. പാവപ്പെട്ട ആനപ്പാപ്പാന്മാർക്ക് ചികിത്സ സഹായധനവും മരണാനന്തര സഹായവുമൊക്കെ പലതവണ കൊടുത്തു കഴിഞ്ഞു. ആന തൊഴിലാളികളുടെ മക്കളിൽ പഠിക്കാൻ മിടുക്കരായവർക്ക് വർഷാവർഷം പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. പത്തുവർഷം മുമ്പ് ഒരു ഫേയ്സ്ബുക്ക് കൂട്ടായ്മയായി തുടങ്ങിയ കൂട്ടുകൊമ്പന്മാർ അംഗബലം കൊണ്ടല്ല മറിച്ച് ചെയ്തുകൂട്ടിയ കാര്യങ്ങളുടെ ബലത്തിലാണ് തലയെടുപ്പോടെ കേരളത്തിൽ തങ്ങളുടെ ആനച്ചന്തം ഉറപ്പിക്കുന്നത്.
ഈ വരുന്ന ഏഴിന് തൃശൂർ തെച്ചിക്കോട്ടുകാവ് പേരാമംഗലം ഓഡിറ്റോറിയത്തിൽ കൂട്ടുകൊമ്പന്മാർ സംഘടിപ്പിക്കുന്ന പുരസ്കാര ചടങ്ങിൽ ആദരിക്കപ്പെടുന്നത് കേരളത്തിൽ ഇന്നേവരെ ആരും ആദരിച്ചിട്ടില്ലാത്ത ചില വ്യക്തികളെയാണ്. അതുകൊണ്ടുതന്നെയാണ് കൂട്ടുകൊമ്പന്മാർ ആനകളല്ല പുപ്പുലികളാണെന്ന് പറയുന്നത്.
ആനപ്പണിയിലെ ഏറ്റവും വലിയ അതികായൻ എന്നു നിസംശയം പറയാവുന്ന കടുവ വേലായുധൻ എന്ന ആനപ്പാപ്പാന്റെ സ്മരണയ്ക്കായി കൂട്ടുകൊമ്പന്മാർ മികച്ച ആനപ്പാപ്പന്മാർക്കായി ഒരുക്കിയ പത്താമത് ഗജേന്ദ്ര സേവനരത്നം പുരസ്കാരം നൽകുന്ന ചടങ്ങാണ് ഏഴാം തീയതി പേരാമംഗലം തെച്ചിക്കോട്ടുകാവ് ശ്രീ ദുർഗാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുന്നത്.
ഈ ചടങ്ങിൽ ആദരിക്കപ്പെടുന്ന പാപ്പാന്മാരും ആന തൊഴിലാളികളും ആനയുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരും കേരളം അറിയേണ്ടവരാണ്. പേരെടുത്ത പ്രമുഖരുടെ തീവെട്ടി പ്രഭയിൽ വെളിച്ചം കാണാതെ പോയ സാധാരണക്കാരാണ്.
കേരളത്തിലെ തലയെടുപ്പുള്ള, ഏറ്റവും കൂടുതൽ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊമ്പന്റെ പാപ്പാന്മാരായ നെന്മാറ രാമചന്ദ്രനും ചെമ്പൂത്ര രാജേഷിനും ഗജേന്ദ്ര സേവനരത്നം പുരസ്കാരം നൽകി ആദരിക്കുമ്പോൾ അത് നിസ്വാർത്ഥ സേവനത്തിലൂടെ രാമനെ പരിചരിച്ചതിന്റെ ആദരവ് കൂടിയാവുകയാണ്.
മന്ത്രി കെ. രാജൻ ഈ പുരസ്കാരം ഇവർക്ക് സമ്മാനിക്കുമ്പോൾ ഈ രണ്ടു പാപ്പാന്മാർക്കും അവരുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരംതന്നെ. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തും. സമൂഹത്തിൽ നിലയും വിലയും ഉള്ള വ്യക്തികൾ തന്നെ പുരസ്കാരം സമ്മാനിക്കാൻ എത്തുമ്പോൾ അത് ആദരവ് ഏറ്റു വാങ്ങുന്നവർക്കും പുരസ്കാരം ഏർപ്പെടുത്തിയവർക്കും മനസ് നിറയ്ക്കുന്ന കാര്യമാണ്.
കൂട്ടുകൊമ്പന്മാരുടെ പ്രതേക ആദരവിന് അർഹരായവരിൽ കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. അസിസ്റ്റന്റ് കമ്മീഷണർ വി.എൻ. സ്വപ്ന, അഖില കേരള ആന തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് വാഴക്കുളം എന്നിവരും ഉണ്ട്. മോഹനൻ കവടിയാർ, വിളക്കുമാടം ഉണ്ണി, കുഞ്ഞുമോൻ തിച്ചൂർ, ഗോപാലകൃഷ്ണപിള്ള, വാണിയംകുളം ഗോപി എന്നീ ആന പാപ്പാന്മാർക്ക് ആചാര്യ പുരസ്കാരം നൽകിയാണ് ആദരിക്കുന്നത്.
ഗജപരിപാലനരംഗത്ത് നിരവധി വർഷത്തെ അനുഭവസമ്പത്ത് ഉള്ളവരാണ് ഈ പാപ്പാന്മാർ. പാപ്പാനായി പണിയെടുത്ത ആനകളെ എല്ലായ്പോഴും മികച്ച രീതിയിൽ പരിചരിച്ചിട്ടുള്ള ഇവർ പ്രായം ഏറെ ആയെങ്കിലും ഇപ്പോഴും ആനകളോടൊപ്പം സജീവമാണ്. ഇവരിൽ പലരെയും തേടി ഒരു പുരസ്കാരം എത്തുന്നത് ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കാം. അതുതന്നെയാണ് കൂട്ടുകൊമ്പൻമാർ നൽകുന്ന പുരസ്കാരത്തിന്റെ പ്രസക്തി.
കേരളത്തിൽ ഏറ്റവും അധികം ആനകളെ ഉത്സവസ്ഥലങ്ങളിലേക്ക് എത്തിച്ചുനൽകിയ തൃശൂരിലെ ആനസ്വാമി എന്നറിയപ്പെടുന്ന കെ. എൻ.വെങ്കിടാദ്രിയാണ് മറ്റൊരാൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളപ്പോഴാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രം സ്വന്തമാക്കുന്നത്. ഇപ്പോഴും മേഖലയിൽ സജീവമാണ് വെങ്കിടാദ്രി.
ഒരു ആന തൊഴിലാളിയുടെ അത്രയൊന്നും സാമ്പത്തികമായി മെച്ചമല്ലാത്ത കുടുംബ പശ്ചാത്തലത്തിൽനിന്ന് എംബിബിഎസ് എന്ന സ്വപ്നത്തിലേക്ക് ആരെയും സഹായമില്ലാതെ കടന്നുചെന്ന വി.പി. സിനി എന്ന മെഡിക്കൽ വിദ്യാർഥിനിയും ആദരിക്കപ്പെടുന്നുണ്ട്.
ദീർഘകാലം ചെർപ്പുളശേരി വലിയ അയ്യപ്പന്റെ പാപ്പാൻ ആയിരുന്ന അയ്യപ്പന്റെ മകൾ. എൻട്രൻസ് പരിശീലനം കോച്ചിംഗ് ക്ലാസുകൾ എന്നിവകൾക്ക് പോകാതെ വീട്ടിലിരുന്നുതന്നെ പഠനം നടത്തി സംസ്ഥാനത്ത് മെറിറ്റിൽ എംബിബിഎസ് പഠനത്തിന് അർഹത നേടിയത് ആദരിക്കപ്പെടേണ്ട നേട്ടംതന്നെയാണ്.
ആനകളോടുള്ള താല്പര്യംകൊണ്ട് വെറ്ററിനറി ആയുർവേദചികിത്സ പഠനം നടത്തി ഹസ്ത്യായൂർവേദത്തിൽ പ്രാക്ടീസ് നടത്തുന്ന യുവ ചികിത്സകൻ ഡോ.വി.ശബരിനാഥ് ആണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു വ്യക്തി. ആനയെ എങ്ങനെ ശരിയായ വിധത്തിൽ പരിപാലിക്കണം എന്ന് കാണിച്ചുകൊടുത്ത് മറ്റുള്ളവർക്ക് കൂടി മാതൃകയായി മാറിയ പാറന്നൂർ നന്ദൻ എന്ന കൊമ്പന്റെ ഉടമ വിജയകുമാർ പാറന്നൂരും ആദരിക്കപ്പെടുന്നുണ്ട്.
ആനകളുടെയും ആന പാപ്പാന്മാരുടെയും ബന്ധത്തെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും നിരവധി ഗവേഷണങ്ങൾ നടത്തി ഡോക്ടറേറ്റ് നേടാൻ ശ്രമിക്കുന്ന യുവ ആനഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണനാണ് പുരസ്കാരം സ്വീകരിക്കുന്ന മറ്റൊരാൾ.ആനപ്പാപ്പാൻന്മാർക്കായി ഒരുക്കുന്ന പരിശീലനപരിപാടികളിൽ സ്ഥിരമായി ക്ലാസുകൾ എടുക്കാറുണ്ട്. ആന ആനപാപ്പാന്മാരെക്കുറിച്ച് മാർഷൽ നിരവധി അന്തർ ദേശീയ ദേശീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിൽ ആന ആനച്ചമയങ്ങൾ ഉത്സവങ്ങളിലേക്കെത്തിച്ചു നൽകിയ ശങ്കരൻകുട്ടി എന്ന വ്യക്തിയും ആദരിക്കപ്പെടും. ശങ്കരൻകുട്ടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിൽ എത്തുമായിരുന്നില്ല. വെങ്കിടാദ്രിക്കു വേണ്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ബീഹാറിൽനിന്നും കണ്ടെത്തി കേരളത്തിലേക്ക് എത്തിക്കുന്നത്. ശങ്കരൻ കുട്ടിയാണ്.
സ്മിതേഷ് ശശീധരൻ എന്ന ആന ബ്യൂട്ടീഷനും അംഗീകാരമുണ്ട്. പാരമ്പര്യമായി ആനകളുടെ കൊമ്പ് ഭംഗിയാം വിധം ഒരുക്കുന്ന കലാകാരനാണ്. ഇപ്പോൾ ആനകൾക്ക് വേണ്ട ചങ്ങല ലോക്കറ്റ് ഇവയുടെ നിർമാണവും നടത്തുന്നു. ആറാട്ടുപുഴ അടക്കം നിരവധി പൂരങ്ങൾക്ക് അമ്പത് വർഷത്തിൽ കൂടുതൽ ആനകൾക്ക് മുൻപിൽ തീപ്പന്തം ഒരുക്കിയ കലാകാരൻ ചിറക്കൽ ബാലൻ എന്നയാളും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
മധ്യകേരളത്തിലും വടക്കൻ നാട്ടിലും ആനകൾക്കായി തീറ്റ ഒരുക്കി കൃത്യമായി എത്തിച്ചു നൽകുന്ന ആനകളുടെ അന്നദാതാവ് എന്നറിയപ്പെടുന്ന വെള്ളിനേഴി രവിയും പുരസ്കാരം സ്വീകരിക്കാൻ എത്തും. ചെറുപ്പം മുതൽക്കേ ഉത്സവങ്ങളിൽ ആനപ്പുറം തൊഴിലാളിയായി ആയും ഇപ്പോൾ നിരവധി ഉത്സവങ്ങൾക്ക് ആനപ്പുറം സജ്ജീകരിക്കുന്ന കലാകാരനായും പ്രവർത്തിക്കുന്ന ആനക്കല്ല് ബാബുവും പുരസ്കാരത്തിലൂടെ ആദരിക്കപ്പെടും.
ജീവിതത്തിൽ ഒരുപക്ഷേ ഇവർക്ക് ആദ്യമായി കിട്ടുന്ന പുരസ്കാരം ആയിരിക്കാം ഇത്. തലയെടുപ്പുള്ള ആനകളെ നോക്കി ആനച്ചന്തം നോക്കി ഉത്സവപ്പറമ്പുകളിലും പൂരപ്പറമ്പുകളിലും അലയുമ്പോൾ ജനക്കൂട്ടം കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഈ ആന തൊഴിലാളികളെ ആദരിക്കാൻ എത്തിയ കൂട്ടു കൊമ്പന്മാർക്ക് ചാർത്തി കൊടുക്കാം ആനത്തലയോളം വലിപ്പമുള്ള ഒരു ആദരവ് പട്ടം.
ഋഷി