ആലപ്പുഴ: സാമൂഹിക വനവത്കരണ ഓഫീസിൽ രജിസ്റ്റർ ചെയ്യാത്ത ക്ഷേത്രങ്ങളിലും ഉത്സവത്തിലും അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും. കളക്ടറേറ്റിൽ ചേർന്ന നാട്ടാനപരിപാലന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. 2015 സെപ്റ്റംബർ 28നു മുന്‍പായി സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉത്സവങ്ങളിൽ മാത്രമേ ആന എഴുന്നള്ളത്ത് അനുവദിക്കാറുള്ളൂ.
രജിസ്റ്റർ ചെയ്ത എണ്ണം ആനകളെയേ ഉപയോഗിക്കാൻ പാടുള്ളൂ. രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്സവങ്ങളിൽ ആന എഴുന്നള്ളത്ത് നടത്തുന്പോൾ ചുരുങ്ങിയത് 72 മണിക്കൂറിനു മുന്‍പെങ്കിലും വിവരം ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലും പോലീസ് സ്റ്റേഷനിലും എലിഫന്റ് സ്ക്വാഡിലും അറിയിക്കണം.
എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും ഹാജരാക്കണം. മിക്ക ഉത്സവക്കമ്മിറ്റികളും ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. മുൻകൂട്ടി ബുക്കുചെയ്ത ആനയ്ക്കുപകരം മറ്റ് ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്പോൾ വിവരം രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസുകളിൽ അറിയിക്കണം.
ഉത്സവങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ കുതിര, ഒട്ടകം എന്നിവയെ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണം. നിർദേശം പാലിക്കാത്ത ഉത്സവ കമ്മിറ്റിക്കെതിരേ നിയമനടപടി സ്വീകരിക്കും. എംഡിഎം ഐ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ സുമി ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ-ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.