സ്റ്റീല്‍ കമ്പിവേലികള്‍ തകര്‍ത്ത് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍

elephantഇരിട്ടി: ആറളം ഫാമില്‍ സ്റ്റീല്‍ കമ്പിവേലിക്കും കാട്ടാനകളെ തടയാനാകുന്നില്ല. റെയില്‍ ഫെന്‍സിംഗെന്ന പേരില്‍ കോടികള്‍ മുടക്കി നിര്‍മിച്ച കമ്പിവേലികള്‍ പിഴുതെറിഞ്ഞാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത്.  ആനമതിലെന്ന പേരില്‍ കരിങ്കല്‍ ഭിത്തി കെട്ടിയിട്ടും കാട്ടാനകള്‍ ആദിവാസി പുനരധിവാസ മേഖലയിലെത്തി ജീവന്‍ കവരുകയും കീഴ്പള്ളി, കരിക്കോട്ടക്കരി തുടങ്ങിയ ടൗണിലും ജനവാസ മേഖലയിലും റോഡിലും ഇറങ്ങി കാട്ടാനകള്‍ വിഹരിക്കുന്നതിനാലാണ് സ്റ്റീല്‍ മുളളുകള്‍ ബെല്‍ഡ് ചെയ്ത കമ്പികള്‍ കൊണ്ട്  റെയില്‍ ഫെന്‍സിംഗ് നടത്തിയത്. ഇതും കാട്ടാന തകര്‍ത്ത് ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതോടെ കോടികളാണ് ഈ ഇനത്തിലും പാഴാകുന്നത്.

കര്‍ണാടക വനാതിര്‍ത്തിയില്‍ ഇത്തരം കമ്പിവേലികള്‍ കാട്ടാനകളെ തടയാന്‍ മികച്ചതെന്ന് വനം വകുപ്പ്  പറഞ്ഞതിനെതുടര്‍ന്നാണ് ഇവിടെയും പരീക്ഷണം നടത്തിയത്. ഇവിടെയാകട്ടെ കാട്ടാനകള്‍ വളരെയെളുപ്പം കമ്പിവേലി തകര്‍ത്ത് ജനവാസ കേന്ദ്രത്തിലെത്തുകയാണ്. നിര്‍മാണത്തിലെ അഴിമതിയാണ് വേഗത്തില്‍ കമ്പിവേലി തകരാന്‍ കാരണമെന്നും ആരോപണം ഉണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് കോടികള്‍ പാഴാക്കുകയല്ലാതെ വന്യജിവികള്‍ ജനവാസകേന്ദ്രത്തിലെത്താതിരിക്കാന്‍  കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനം ഇവിടെ നടത്തുന്നില്ലന്ന് ആക്ഷേപം ശക്തമായിരുന്നു.

Related posts