കൊച്ചി: ആരാധനാലയങ്ങളിലെ ആഘോഷവേളകളിലും മറ്റ് പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനമായി. ചട്ടം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള വകുപ്പുകളുടെ അനുമതി തേടാതെ നടത്തിയ പരിപാടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. സര്ജന് റാങ്കിലുള്ള മൃഗഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ എഴുന്നള്ളത്തില്‍ അണിനിരത്താന്‍ അനുവദിക്കില്ല.
നാട്ടാനകള്ക്കെതേരയുള്ള പീഡനം തടയുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു.നാട്ടാന പരിപാലന ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന അനുമതികള്‍ വാങ്ങാതെയാണ് ജില്ലയില്‍ പല ഭാഗത്തും ആനകളെ എഴുന്നെള്ളിക്കുന്നത്. പോലീസ്, റവന്യൂ, വനം, മൃഗക്ഷേമ വകുപ്പുകളുടെ അനുമതി ആനകളെ പ്രദര്‍ശിപ്പിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും നിര്‍ബന്ധമാണ്. ആനകള്‍ക്ക് മതിയായ ഭക്ഷണം, വെള്ളം, വിശ്രമം എന്നിവ ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. കടുത്ത വേനല്‍ വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ അഞ്ച് ആനകളെ കൂടുതല്‍ അണിനിരത്തുന്ന പരിപാടികളെ കുറിച്ചും തലപ്പൊക്ക മത്സരം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും. ഉത്സവങ്ങളില്‍ കേരള സ്റ്റേറ്റ് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വോളന്റിയര്‍മാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ സംഘാടകര്‍ പാലിക്കണം.ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലും നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്.
ചട്ടലംഘനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് സമിതിയില്‍ ദേവസ്വം ബോര്‍ഡുകള്‍, ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി, എസ്പിസിഎ, ആന ഉടമാസംഘം, തൊഴിലാളി യൂണിയനുകള്‍, മൃഗക്ഷേമ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, വനം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളാണ്.