കാളികാവ്: വനാതിർത്തിയിൽ നിർമിച്ച ’ആനമതിൽ’ തകർത്ത് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്നത് കോളനി വാസികളെയും സമീപത്തെ കർഷക കുടുംബങ്ങളെയും ഭീതിയിലാക്കുന്നു. ചോക്കാട് നാല്പതു സെന്റ് കോളനി ഭാഗത്തെ മതിൽ തകർത്താണ് കാട്ടാനക്കുട്ടം നാട്ടിലിറങ്ങുന്നത്.
നാൽപത് സെന്റ് ആദിവാസി കോളനിക്ക് സമീപം എരങ്കോൽ നെല്ലിക്കര മലവാരങ്ങളിൽ ഒന്നര കിലോമീറ്റർ ദുരത്തിലാണ് പുതുതായി മതിൽ നിർമിച്ചിരിക്കുന്നത്. കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ നിർമിച്ച മതിലാണ് തകർത്തത്.
മതിൽ നിർമിച്ചതിന് ശേഷം നിരവധി തവണ ആനയുടെ അക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടാനകൾ മതിൽ തകർക്കാൻ തുടങ്ങിയതോടെ കർഷകരും നാട്ടുകാരും ഭീതിയിലാണ്.
പശ്ചിമഘട്ട മലനിരകളിൽ നിന്ന് കാട്ടാനകൾ ധാരാളമായി മലയോര മേഖലയിലെത്തി ജനവാസ കേന്ദ്രങ്ങളിൽ നാശം വിതയ്ക്കുന്നത് പതിവായിട്ടുണ്ട്. മേഖലയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ റബ്ബർ, വാഴ, കമുക്, തെങ്ങ്, തുടങ്ങി എല്ലാ വിളകളും കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാണ്. രണ്ട് വർഷം മുന്പ് ഇവിടെ തോട്ടം കാവൽക്കാരനെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് ആനമതിൽ നിർമിക്കണമെന്ന് ആവശ്യമുയർന്നത്.
പുല്ലങ്കോട് എസ്റ്റേറ്റിലെ ഫീൽഡ് സുപ്പർവൈസർ മുരളി കഴിഞ്ഞ വർഷം കാട്ടാനയുടെ കുത്തേറ്റ് മരിച്ചിരുന്നു. ചക്ക സീസണ് ആയതോടെ മണംപടിച്ചെത്തുന്ന കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയാണ്. രണ്ടു ഡസനോളം വരുന്ന ആനകൂട്ടം അടുത്തിടെ കോളനിക്കു സമീപം എത്തി തന്പടിച്ചതായി കോളനിക്കാർ പറയുന്നു.