സുൽത്താൻ ബത്തേരി: രൂക്ഷമാകുന്ന ജല ക്ഷാമവും കർണാടകയുടെ ബന്ദിപ്പൂർ വനത്തിലെ കാട്ടുതീയും വയനാടൻ വനത്തിലെ തീറ്റക്കുറവും കാട്ടാന ഉൾപ്പെടെയുളള വന്യജീവികളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിച്ചു തുടങ്ങി. കാട്ടാനകൾ മെലിഞ്ഞുതുടങ്ങി.
കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ വനങ്ങളിൽ നിന്നും തീറ്റയും വെളളവും തേടി ആനകൾ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വരുന്നത് ഈ സമയത്താണ്.
വനത്തിൽ തീറ്റ കിട്ടാതെ വരുന്നതോടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതും പതിവായിക്കഴിഞ്ഞു.തീറ്റക്കുറവുമൂലം കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ വയനാടൻ കാടുകളിലേക്ക് എത്തുന്നത് വ്യാപകമായതിനിടയിലാണ് കർണാടക, തമിഴ്നാട് വനങ്ങൾ കാട്ടുതീയിൽ അകപ്പെട്ടത്. ഇതോടെ മൃഗങ്ങളുടെ വരവ് വർധിച്ചു. വനമേഖലയിലുള്ള ദേശീയ പാതയോരത്ത് ആനകൾ അടക്കമുള്ള മൃഗങ്ങളെ കാണാം.