കല്ലമ്പലം: ഇടഞ്ഞ ആന ഒന്നാം പാപ്പാനെ കൊന്നു. വെള്ളല്ലൂർ ഇടമനക്കോണം കുന്നിൽ വീട്ടിൽ ഉണ്ണി (54) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് കപ്പം വിളമുക്ക്കട റോഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തടിപിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്.
തടിപിടിച്ചുകൊണ്ടിരുന്നപ്പോൾ ആന വിരളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ണിയെ തുമ്പി കൈ കൊണ്ട് നിലത്തടിച്ച ശേഷം തടി പാപ്പന്റെ ശരീരത്തിലേക്ക് തള്ളിയിടുകയായിരുന്നു.
ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ തളയ്ക്കാൻ രണ്ടാം പാപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കൊല്ലത്തു നിന്നും എലിഫന്റ് സ്ക്വാഡെത്തിയാണ് ആനയെ തളച്ചത്.
കൊല്ലം പുത്തൻകുളം സ്വദേശി സജീവിന്റെ കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ഉണ്ണിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് മാറ്റി. കല്ലമ്പലം പോലീസ് മേൽനടപടി സ്വീകരിച്ചു.