കുന്നംകുളം: ആനായ്ക്കൽ ചീരംകുളം പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന തിരിച്ചുകൊണ്ടു പോകുന്നതിനിടെ ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു.
സംഭവത്തിൽ പരിക്കേറ്റ പാപ്പാൻ വാഴക്കുളം മണിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നുരാവിലെയായിരുന്നു സംഭവം. ഇന്നലെ ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.
ഇന്നലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ചെമ്മണ്ണൂരിൽ ഒരു പറമ്പിൽ തളച്ചശേഷം ഒന്നാം പാപ്പാൻ സ്ഥലം വിടുകയായിരുന്നുവത്രേ. പാപ്പാൻ സമയത്ത് എത്താത്തത് കാരണം ഈ ആനയെ ഇന്നലെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്ന് ആറ് ആനകളുമായാണ് ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് തുടങ്ങിയത്.
ഇന്ന് രാവിലെ വരെയും ഒന്നാം പാപ്പാൻ എത്താത്തതിനാൽ മറ്റൊരു പാപ്പാൻ മണി ആനയെ അഴിച്ച് വണ്ടിയിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെ ഇടയുകയായിരുന്നു. പ്രകോപിതനായ ആന പാപ്പാനെ കുടഞ്ഞെറിയുകയായിരുന്നെന്ന് പറയുന്നു. ഇയാൾ ആനയുടെ ആക്രമത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഉടനെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും നേരത്തെ ആനയെ തളച്ചു. കുന്നംകുളത്ത് ഈ അടുത്ത നാളുകളിൽ ആന ഇടയുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.