മുണ്ടക്കയം ഈസ്റ്റ്: കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ.
ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കൽ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ചെറുതും വലുതുമായ 18 ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
കൊച്ചു കുട്ടികൾ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്.
തൊഴിലാളികൾ നട്ടുവളർത്തുന്ന എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. ആനയുടെ ശല്യം ഒഴിവാക്കാൻ ആന ഭക്ഷിക്കുന്ന എല്ലാ വിളകളും വെട്ടിക്കളയുകയാണ് ഇവിടുത്തെ തൊഴിലാളി കുടുംബങ്ങൾ ചെയ്യുന്നത്.
പുലർച്ചെ ടാപ്പിംഗിനോ, വൈകുന്നേരങ്ങളിൽ വീടിന് പുറത്ത് ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറയുന്നു.
എസ്റ്റേറ്റിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമായിട്ടും ആനകളെ ഉൾവനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
അടിയന്തര നടപടി സ്വീകരിക്കണം
വന്യമൃഗശല്യത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. ജനാർഥനൻ, ഓലിക്കൽ സുരേഷ്, ആർ. ടി. ഷാജി, ബെന്നി, ജോസഫ് താഴത്തുവീട്ടിൽ, ശരത് ഒറ്റപ്പാക്കൻ, സത്യൻ എന്നിവർ പ്രസംഗിച്ചു.