പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ലക്ഷമണൻ (45) ആണ് ആനയുടെ അടിയേറ്റ് മരിച്ചത്.
ഇന്നു പാലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യങ്ങൾക്കുവേണ്ടി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ലക്ഷമണനെ തുന്പികൈകൊണ്ട് ചുഴറ്റി എടുത്ത് നിലത്തടിക്കുകയായിരുന്നെന്ന് പറയുന്നു. ലക്ഷമണൻ തത്ക്ഷണം മരിച്ചു.
ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിനെ കാട്ടാന പിന്തുടർന്നിരുന്നു. ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്കു തിരിച്ചുവിട്ടെങ്കിലും കാട്ടാന വീണ്ടും ഉൗരിലെത്തുകയാണെന്ന് ഉൗരിലെ നിവാസികൾ പറയുന്നു.