കനത്ത മഴയില് വെള്ളപ്പൊക്ക ഭീഷണിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയില് ആര്ത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് തരംഗമാവുന്നത്.
വൈശാലി ജില്ലയിലെ രാഘോപൂരില് നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില് നദിയില് കുത്തനെ ജലനിരപ്പുയര്ന്നതോടെയാണ് ആനയും പാപ്പാനും നദിയില് അകപ്പെട്ടത്.
കനത്ത മഴയില് കലങ്ങി മറിഞ്ഞ ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില് കാണാം.
ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്ണമായും വെള്ളത്തില് മുങ്ങുന്നതും വിഡിയോയില് കാണാം.
എന്നാല് ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാന് ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു.
രസ്തംപുര് ഘട്ടില് നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവര്ക്ക് പോകേണ്ടിയിരുന്നത്.
എന്നാല് മഴയെ തുടര്ന്ന് അപ്രതീക്ഷിതമായി ഗംഗയില് വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള പൈസ കൈവശമില്ലാത്തിതിനാലാണ് ആനയ്ക്കൊപ്പം നീന്തി അവിടേക്കെത്താന് പാപ്പാന് ശ്രമിച്ചത്.
ആനയുടെ പുറത്തിരുന്ന് അതിന്റെ കഴുത്തിലും ചെവിയിലും ചുറ്റിപ്പിടിച്ചിരുന്നാണ് പാപ്പാന് ശക്തമായ ഒഴുക്കിനെ തരണം ചെയ്ത് മറുകരയിലെത്തിയതെന്ന് ദൃക്സാക്ഷികള് വ്യക്തമാക്കി.