കോതമംഗലം: പൂയംകുട്ടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവസ്ക്കനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. ഒപ്പുമുണ്ടായിരുന്നയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂയംകുട്ടി ടൗണിനു സമീപം വേങ്ങൂരാൻ പരേതനായ ജോസഫിന്റെ മകൻ ജോണി (55) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന അയൽവാസിയും ബന്ധുവുമായ ഇടപ്പുളവൻ അന്തോണിയാണ് (52) ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 10 .30 ഓടെ പൂയംകുട്ടി ജംഗ്ഷന് സമീപം ജനവാസ മേഖലയിൽ ബിഎസ്എൻഎൽ എക്സേഞ്ചിന് സമിപം പുഴയിലെ കടവിൽ ജോണിയും അന്തോണിയും കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് സംഭവം. ജോണി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ പിന്നിൽ നിന്ന് പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈക്ക് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അന്തോണി നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോഴേക്കും ആനക്കൂട്ടം മറുകരെ കാട്ടിലേക്ക് കയറിയോടി. ഉടൻതന്നെ ജോണിയെ കോതമംഗലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുഴയുടെ മറുകരയിൽ കാട്ടാനക്കുട്ടമിറങ്ങാറുണ്ടെങ്കിലും ഇക്കരെ കടവിൽ ആനയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലത്രെ. രാവിലെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോലിസ് ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും നടപടികൾ ആരംഭിച്ചു. നിർധന കുടുംബാഗമായ ജോണി അവിവാഹിതനാണ്. കൂലിപ്പണി ചെയ്താണ് വയോധികയായ മാതാവും സഹോദരയിമാങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. മാതാവ് ശൂശാൻ, സഹോദരങ്ങൾ സുകു, മോളി, ഗീത.