മാനന്തവാടി: പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ(55) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചെറിയമല ജംഗ്ഷനിൽ വച്ചാണ് കാട്ടാന ഇന്ന് രാവിലെ പോളിനെ ആക്രമിച്ചത്.
ജോലിക്ക് പോകുന്നതിനിടെ പോൾ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ ആന വീണുകിടന്ന പോളിന്റെ നെഞ്ചിൽ ചവിട്ടി. ആനയുടെ ചവിട്ടിൽ പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. പോളിന്റെ നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥലത്തെത്തി ആനയെ ഒച്ചവെച്ച് ഓടിച്ചത്.
തുടർന്ന് പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.