കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കിടെ ഈ വര്‍ഷം ഇതുവരെ ആനകൾ ഇടഞ്ഞത് 836 തവണ. എഴുന്നള്ളിപ്പിനിടെ ഉണ്ടായ ആനയുടെ ആക്രമണത്തില്‍ രണ്ടു പാപ്പന്മാര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ വൈക്കം ടി.വി. പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആന രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ (25) തള്ളിയിട്ട ശേഷം ചവിട്ടി കൊന്നതാണ് ഒടുവിലത്തെ സംഭവം. തിടമ്പ് ഏറ്റുന്നതിനിടെ അരവിന്ദിനെ തട്ടിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കുഞ്ഞുലക്ഷ്മി എന്ന പിടിയാന നാലു വര്‍ഷം മുമ്പ് മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
നെന്മാറ മേനാര്കോട്ട് ഉത്സവത്തിനെത്തിച്ച കല്‍പ്പാത്തി ബാബുവെന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ആനയുടെ ആക്രമണത്തില്‍ 32 പാപ്പന്മാര്ക്കാണ് ഇതുവരെ പരിക്കേറ്റ് ചികിത്സയിലുള്ളത്. 172 ആനകളാണ് ഉത്സവങ്ങള്‍ക്കിടെ ഓടിയത്. തൃശൂര്‍ കണ്ണന്‍കുളങ്ങരയില്‍ കഴിഞ്ഞ 25ന് ഇടഞ്ഞ കൊണാര്‍ക്ക് കണ്ണന് എന്ന ആന മുമ്പ് 24 തവണ ആക്രമണം നടത്തിയിട്ടുള്ളതാണ്.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് വേണ്ട ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. മുമ്പ് ഇടഞ്ഞിട്ടുള്ള ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതാണ്. പക്ഷേ രാഷ്ട്രീയ സ്വാധീനവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്വാധീനവും ഉപയോഗിച്ച പല ആന ഉടമകളും ഈ നിയമത്തെ മറികടന്ന് തങ്ങളുടെ ആനകളെ ഉത്സവത്തിന് എത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ എഴുന്നള്ളിക്കുന്ന ആനകളുടെയും ആന ഉടമയുടെയും പേര് ഇന്‍ഷ്വറന്‍സ് ബുക്കിലും എലിഫന്റ് ഡാറ്റാ ബുക്കിലും ഉള്ളതു തന്നെയാണോ മൈക്രോ ചിപ്പില്‍ ഉള്ളതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവില്‍ മൈക്രോ ചിപ്പിലുള്ള ആനയുടെ പേരല്ല എലിഫന്റ് ഡാറ്റ ബുക്കില്‍ കാണുന്നത്. ആനകളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന പേര് മറ്റൊന്നുമായിരിക്കും. ഇത്തരം സാഹചര്യത്തില്‍ ആനയുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ ബന്ധുക്കള്‍ക്ക് പിന്നീട് ആനയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് ഏറെ പ്രയാസം നേരിടേണ്ടിവരുന്നുണ്ട്.
ഉത്സവങ്ങള്‍ക്കിടെ ആന ഇടഞ്ഞ് അപകടമുണ്ടായാല്‍ ആ ആനയെ അവിടെ നിന്ന് മാറ്റുന്നതിനായി അനധികൃത എലിഫന്റ് സക്വാഡുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു. മദപ്പാട് ഉണ്ടായാല്‍ ആനയെ മയക്കുവെടി വയ്ക്കുന്ന തോക്ക് ഉള്പ്പെടെയുള്ളസംവിധാനം സൂക്ഷിക്കുന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് എലിഫന്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ഇത് വെറ്ററിനറി ഡോക്ടറും ഒരു സഹായിയും മാത്രമാണ് ഉള്‍പ്പെടുന്നത്. സ്വകാര്യ സ്ഥാപനങ്ങളോ സൊസൈറ്റികളോ വ്യക്തികളോ ഇതില്‍ ഉള്‍പ്പെടരുതെന്ന് നിയമം കാറ്റില്‍ പറത്തിയാണ് ഇന്ന് അനധികൃത എലിഫന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം.
ഉത്സവകാലം തുടങ്ങുന്നതിനു മുമ്പ് എല്ലാ ഓഗസ്റ്റ് മാസം മുതല്‍ ജില്ല കളക്ടറുടെ മേല്‍നോട്ടത്തില്‍ നാട്ടാന മോണിറ്ററിംഗ് സമിതി യോഗം ചേരണമെന്ന് നിലവില്‍ നിയമമുള്ളതാണ്. പക്ഷേ ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവസീസണുമുമ്പായി എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ആനകള്‍ക്ക് മദപ്പാട് ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
സീമ മോഹന്‍ലാല്‍