തിരുവനന്തപുരം: വന്യജീവി ആക്രമണം വ്യാപകമായതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ചു കാട്ടാനകളുടെ കണക്കെടുക്കുന്നു. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ആനകളുടെ സെൻസസ് നടത്തും. 23 മുതൽ 25 വരെയാണ് ആന സെൻസസ്.
വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം പ്രകാരമാണു നടപടി. ഇതുവഴി കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്താനാകുമെന്നാണു വനംവകുപ്പ് പറയുന്നത്. കേരളത്തിലെ വനാതിർത്തികളിൽ കാട്ടാനകളുടെ കണക്കെടുക്കുന്ന അതേ ദിവസംതന്നെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ആനകളുടെ കണക്കെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
മൂന്നു മാർഗങ്ങൾ
മൂന്നു വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുന്നത്. ആദ്യദിവസമായ 23ന് നേരിട്ടുള്ള കണക്കെടുപ്പു രീതിയായ ബ്ലോക്ക്കൗണ്ട് രീതിയും 24ന് പരോക്ഷ കണക്കെടുപ്പായ ഡങ്കൗണ്ട് രീതിയുമാ ണ് ഉപയോഗിക്കുക. 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയാലാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക.
ശേഖരിക്കുന്ന വിവരങ്ങൾ വിദഗ്ധമായ പരിശോധനകൾക്ക് വിധേയമാക്കി ജൂണ്‍ 23നു കരട് റിപ്പോർട്ട് തയാറാക്കും. അന്തിമറിപ്പോർട്ട് ജൂലൈ ഒൻപതിന് സമർപ്പിക്കും. 2023ലെ കണക്കെടുപ്പിൽ (ബ്ലോക്ക് കൗണ്ട്) 1920 ആനകൾ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് 2023ലെ കണക്കെടുപ്പിൽ പങ്കാളികളായത്.
ഇക്കൊല്ലത്തെ കണക്കെടുപ്പിനു നിയോഗിച്ച ഉദ്യോഗസ്ഥർക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളിൽ പരിശീലനം ആരംഭിച്ചതായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി. ജയപ്രസാദ് അറിയിച്ചു.
സ്വന്തം ലേഖകൻ