ചെറുതുരുത്തി: മുള്ളൂർക്കര വാഴക്കോട് കാട്ടാനയെ വേട്ടയാടി കൊന്നതിനുശേഷം കൊന്പെടുത്ത് കൊന്നു കുഴിച്ചുമൂടിയതായി സംശയം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം കണ്ടെത്തി.
മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു.
ജഡത്തിന് ഏകദേശം 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.വൈദ്യുതി വേലിയിൽ ഷോക്കേറ്റ് ചരിഞ്ഞ ആനയെ കുഴിച്ചിട്ടെന്നാണ് ആദ്യം സംശയിച്ചത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡത്തിൽനിന്ന് ഒരു കൊമ്പിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഇതാണ് വനംവകുപ്പിനെ ആനവേട്ടയെന്ന് സംശയിക്കാൻ ഇടയാക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് ഇന്നു രാവിലെ പരിശോധന നടത്തിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന.
രണ്ടാഴ്ച്ച മുമ്പ് പെരുമ്പാവൂരിനടുത്ത് കോടനാട് നിന്നും ആനയുടെ ഒരു കൊമ്പുമായി ഒരാളെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ തുടർന്നു ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലെയെക്കുറിച്ച് വനം വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.
സ്ഥലത്തിന്റെ ഉടമയടക്കം നിരവധിപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു കരുതുന്ന കേസിൽ എല്ലാവരും ഒളിവിലാണ്.മച്ചാട് റേഞ്ച് ഓഫീസർ ശ്രീദേവി മധുസൂദനൻ, ഡിഎഫ്ഒ ജയശങ്കർ എന്നിവർ ഉൾപ്പെടുന്ന വനപാലകസംഘം സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി വരുന്നു.