വയനാട്: മാനന്തവാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ജനവാസമേഖമേഖലയില് ഇറങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവർ അജിയാണ് കൊല്ലപ്പെട്ടത്. വീടിന്റെ മതില് തകര്‍ത്ത് അകത്തു കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുലര്‍ച്ചെ നാലരയോടെയാണ് ആന ജനവാസമേഖലയിൽ എത്തിയത്. ആദ്യം കൊയിലേരി-താന്നിക്കല്‍ പരിസരത്താണ് ആന നിലയുറപ്പിച്ചിരുന്നത്. നിലവില്‍ പടമല ഭാഗത്താണ് ആന ഉള്ളത്.
നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്ക്കൊമ്പന് ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.