മണ്ണാർക്കാട് : തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ഭാഗത്ത് കൊന്പുകൾ നഷ്ടപെട്ട നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.തത്തേങ്ങലം പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്താണ് ജഡം കണ്ടെത്തിയത് . പ്ലാന്റേഷൻ ഓഫീസിന്റെ മുകൾ ഭാഗത്തെ രണ്ടാം ബ്ലോക്കിലാണ് ആറുമാസത്തോളം പഴക്കമുള്ള ജീർണ്ണിച്ച ജഡം കാണപ്പെട്ടത്.
കുരുമുളക് ശേഖരിക്കാൻ പോയ തൊഴിലാളികളാണ് ഇത് കണ്ടത്. ആനയുടെ ഇരു കൊന്പുകളും അപ്രത്യക്ഷമാണ്. ദ്രവിച്ച ജഡത്തിൽ എല്ലുകളും തോലും മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി. ഡോക്ടർമാരായ നിതിൻ, ഷാജി പണിക്കശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഏകദേശം ഇരുപത് വയസ്സ് പ്രായമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ജഡത്തിൽ വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു .ശരീരം ജീർണ്ണിച്ചതിനെ തുടർന്ന് കൊഴിഞ്ഞു ചാടിയ കൊന്പുകൾ എടുത്തു കൊണ്ടുപോയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.