എരുമപ്പെട്ടി: തോന്നല്ലൂർ ബാലനരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്നലെ വൈകീട്ട് 6.15 ഓടെ കൂട്ടിയെഴുന്നള്ളിപ്പിനിടെയാണു സംഭവം.
അന്പലത്തിനുള്ളിൽ വച്ച് ഇടഞ്ഞ ആന കോലവുമായി പുറത്തേക്ക് ഓടി. പാടത്തുകൂടി ഓടിയ കൊന്പൻ കച്ചവട സ്റ്റാളുകളും രണ്ടു ബൈക്കുകളും തകർത്തു.
ഗുരുവായൂരിൽനിന്ന് എത്തിയ എലിഫന്റ് സ് ക്വാഡ്, പാപ്പാന്മാർ എന്നിവർ ചേർന്ന് ആനയെ തളച്ചു. രാത്രി ഒന്പതുകഴിഞ്ഞാണ് ആനപ്പുറത്തുള്ള നാലു പേർക്കും ഇറങ്ങാൻ കഴിഞ്ഞത്.
നാലുപേരും താഴേക്കു ചാടുകയായിരുന്നു. കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. എല്ലാ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ശ്രീനിവാസന് ഉണ്ടായിരുന്നു. ആകെ രണ്ട് ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്.
എരുമപ്പെട്ടി എസ്ഐ കെ. അബ്ദുൾ ഹക്കിമി ന്റെ നേതൃത്വത്തിൻ പോലീസ് സംരക്ഷണ വലയം തീർത്തു. സമയോചിതമായ ഇടപെടലുകൾ വലിയ അപകടം ഒഴിവാക്കി.