കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍.
നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന് നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്.
ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും.
ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു.
എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി.
ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്‍പ് ആനയെ പരിചരിച്ചിരുന്ന പാപ്പാനടക്കം അഞ്ച് പാപ്പാന്മാര് കഠിന പരിശ്രമം നടത്തിയിട്ടും മണികണ്ഠന് അടങ്ങിയില്ല.
ഇടയ്ക്ക് പാപ്പാനെ വിരട്ടിയോടിച്ചു. തുടര്‍ന്ന് വൈകിട്ട് 3.45ന് ഡോ.അരവിന്ദിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി. 4.10ന് ടാപ്പര്‍ ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു.
ശൗര്യം ശമിച്ച മണികണ്ഠന്റെ പുറത്ത് പാപ്പാന് കയറിയതോടെ നാട്ടുകാര്‍ ആര്‍പ്പോ വിളികളുമായി ഓടിയടുത്തു. പോലീസ് ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ചത്.
കൊട്ടാരക്കര ഡിവൈ.എസ്.പി ആര്.സുരേഷിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്. തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് നിലവില്‍ മണികണ്ഠനെ കെട്ടിയിരിക്കുന്നത്.